കോഴിക്കോട്: കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ ഉണ്ടായത് ചെറുതും വലുതുമായ 25-ലധികം തീപിടിത്തങ്ങള്‍. മിഠായിത്തെരുവിലാണ് ഏറ്റവുമധികം തീപിടിത്തം ഉണ്ടായത്. നവീകരണം പൂര്‍ത്തിയായതോടെ മിഠായി തെരുവില്‍ സ്ഥിതി  മെച്ചപ്പെട്ടെങ്കിലും നഗരത്തിലെ മറ്റിടങ്ങളില്‍ അപകടസാധ്യത തുടരുന്നതിന് തെളിവായി ചെറുവണ്ണൂരിലെ തീപ്പിടുത്തം.

കോഴിക്കോട് നഗരത്തെ ഭീതിയിലാഴ്ത്തിയ ദുരന്തങ്ങളിലൊന്നായിരുന്നു പതിമൂന്ന് വർഷം മുമ്പ് മിഠായിതെരുവിലുണ്ടായ തീപിടിത്തം. 2007 ഏപ്രിൽ നാലിന് മൊയ്തീന്‍ പള്ളി റോഡിലെ പടക്കക്കടയില്‍ നിന്ന് തീപടര്‍ന്ന് അന്‍പത് കടകള്‍ കത്തി നശിച്ചു. അന്നത്തെ ദുരന്തത്തില്‍ മരിച്ചത് എട്ട് പേര്‍. 

കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം. പിന്നീട് കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഉണ്ടായത് ചെറുതും വലുതുമായ മുപ്പതോളം തീപിടിത്തങ്ങൾ.  2010-ൽ രണ്ട് തവണ മിഠായിത്തെരുവില്‍ തീപിടിത്തം ഉണ്ടായി. പത്ത് കടകള്‍ കത്തിനശിച്ചു. 2015-ലും പതിനാറിലും  ഉണ്ടായ തീപിടിത്തത്തില്‍ കത്തിയമര്‍ന്നത് 15 കടകളാണ്.

2007ൽ കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ആറ് കടകളും കത്തിനശിച്ചു. ഒടുവിൽ തീപിടിത്തം ഉണ്ടായത് 2019-ൽ. കടകളിൽ തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ ഇല്ലാതിരുന്നതും, തെരുവിലെ വൈദ്യുതീകരണത്തിലെ പ്രശ്നങ്ങളും തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ തെരുവിൽ എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടുമായിരുന്നു തീപിടുത്തത്തിന് വ്യാപ്തി കൂട്ടിയത്. പിന്നീട് മിഠായി തെരുവ് നവീകരിച്ചതോടെ അഗ്നിശമന സംവിധാനങ്ങളും മെച്ചപ്പെട്ടു.

മിഠായിത്തെരുവിൽ തീപിടിത്തം തുടർക്കഥയായപ്പോൾ അഗ്നിസുരക്ഷാ സേന കോഴിക്കോട് നഗരത്തിലെ ബഹുനില കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. 

സംസ്ഥാനത്ത് ആദ്യമായി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരുകെട്ടിടം അടച്ചുപൂട്ടിയതും കോഴിക്കോട്ടായിരുന്നു. 2016ലായിരുന്നു ഇത്. പിന്നീട് കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ച് തുടങ്ങിയെങ്കിലും കാലാവധി കഴിയുമ്പോൾ ഇവ മാറ്റി സ്ഥാപിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ കഴിയാത്തതും പരിമിതിയാണ്.