2018-ന് മുൻപും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനിൽ ലഭിച്ച സ്വർണ്ണാഭരണങ്ങളാണ് സ്റ്റേഷനിലെ സിഐ അടിച്ച് മാറ്റിയത്. നേരത്തെ കൃത്യവിലോപം നടത്തിയതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ കൊണ്ടുപോയ സ്വർണം തിരികെ നൽകി നടപടി ഒഴിവാക്കാനും ശ്രമം നടത്തിയെന്ന് കൊണ്ടോട്ടി എഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.

മലപ്പുറം: കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ കള്ളൻ കപ്പലിൽ തന്നെ. വിവിധ കാലയളവുകളിൽ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനിൽ ഏൽപ്പിച്ചതുമായ എട്ട് പവനോളം തൊണ്ടി മുതൽ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ചത് മുൻ എസ്എച്ച്ഒ ആണെന്ന് എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്. സ്വര്‍ണം കൊണ്ടുപോയ ശേഷം സംഭവം പുറത്തറിഞ്ഞതോടെ തിരികെ വെക്കാനുള്ള ശ്രമം നടത്തിയതായും എഎസ്പിയുടെ അന്വേഷണത്തിൽ കണ്ടെത്തി. എഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങൾ ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സസ്‌പെൻഷനിൽ കഴിയുന്ന ഉദ്യോഗസ്ഥനാണ് സ്വർണം കൊണ്ടു പോയത്. എന്നാൽ അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് ഇയാളുടെ വിശദീകരണം. സ്വർണാഭരണങ്ങൾ സ്റ്റേഷനിൽ കാണാനില്ലെന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നൽകിയ റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2018-ന് മുൻപും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനിൽ ലഭിച്ച സ്വർണ്ണാഭരണങ്ങളാണ് സ്റ്റേഷനിലെ സിഐ അടിച്ച് മാറ്റിയത്. നേരത്തെ കൃത്യവിലോപം നടത്തിയതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ കൊണ്ടുപോയ സ്വർണം തിരികെ നൽകി നടപടി ഒഴിവാക്കാനും ശ്രമം നടത്തിയെന്ന് കൊണ്ടോട്ടി എഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നു.

അബദ്ധത്തിൽ സ്വർണ്ണം കൈവശം വന്ന് പോയെന്നും, പിന്നീട് മറന്ന് പോവുകയായിരുന്നുമെന്നാണ് ഉദ്യോഗസ്ഥൻ എഎസ്പിയോട് പറഞ്ഞത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം. എഎസ്പി റിപ്പോർട്ട് എസ്പിക്ക് ഡിഐജി വഴി ഐജിക്ക് കൈമാറിയിരിക്കുകയാണ്. ഐജിയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടത്. സംഭവത്തിൽ എസ്ഐടി രൂപീകരിച്ചു സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.