കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ സൂരജിന്റെ രണ്ട് കാലുകളും മുറിച്ചുമാറ്റി. നേരത്തെ ഇടതുകാൽ മുറിച്ചു മാറ്റിയിരുന്നു. വലതുകാലിന് ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ആ കാലും മുറിച്ചുമാറ്റുകയായിരുന്നു. പൊലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയാണ് സൂരജ്.

കാസർകോട്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങിനിടെ കാറിടിച്ച് ഗുരുതര പരുക്കേറ്റ പൊലീസുകാരന്റെ രണ്ടു കാലുകളും മുറിച്ചു മാറ്റി. അപകടത്തിൽപ്പെട്ട മറ്റൊരു പൊലീസുകാരന്റെ ഒരു കാലും മുറിച്ചു മാറ്റിയിരുന്നു. ഹൈവേ പട്രോളിങ്ങിന്റെ ഭാഗമായി നിർത്തിയ പൊലീസ് ജീപ്പിൽ നിയന്ത്രണം തെറ്റിയെത്തിയ കാർ ഇടിച്ച് പരിക്കേറ്റ് മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിവിൽ പൊലീസ് ഓഫീസർ കെ.എം. സൂരജിന്റെ രണ്ടാമത്തെ കാലാണ് മുറിച്ചുമാറ്റിയത്. നേരത്തെ ഇടതുകാൽ മുറിച്ചു മാറ്റിയിരുന്നു. വലതുകാലിന് ഒന്നിലേറെ ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് ആ കാലും മുറിച്ചുമാറ്റുകയായിരുന്നു. പൊലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയാണ് സൂരജ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സൂരജിന് ഒപ്പം പരിക്കേറ്റ കുന്നുംകൈയിലെ അലോഷ്യസ് മാത്യു വിനെ ഐ.സി.യുവിൽനിന്ന് മുറിയിലേക്കു മാറ്റി. ഈ പൊലീസുകാരനും തേജസ്വിനി ആശുപത്രിയിൽ ആണ് ഉള്ളത്. ജില്ലാ ഹെഡ്‌ക്വാർട്ടേഴ്സിലെ സിവിൽ പൊലീസ് ഓഫീസർമാരാണ് സൂരജും അലോഷ്യസും. വാഹനപരിശോധനയ്ക്കായി റോഡരികിൽ പൊലീസ് ജീപ്പ് നിർത്തിയിട്ട ശേഷം അതിനു പിറകിൽ നിൽക്കുകയായിരുന്ന ഇവരുടെ ദേഹത്ത് നിയന്ത്രണം വിട്ടെത്തിയ കാർ ഇടിക്കുകയായിരുന്നു. ജൂൺ 18 ന് ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി നിർത്തിയ നാഷണൽ പെർമിറ്റ് ലോറികളെ ഇവിടെ നിന്ന് മാറാൻ നിർദേശിക്കുകയായിരുന്നു ഉദ്യോഗസ്ഥർ.

ഈ സമയത്ത് കാഞ്ഞങ്ങാട് നിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാർ ഇതുവഴി വന്നു. അമിതവേഗത്തിലായിരുന്ന കാർ നിയന്ത്രണം തെറ്റിയാണ് അപകടമുണ്ടായത്. പൊലീസ് ജീപ്പിന്‍റെ പിന്നിൽ നിൽക്കുകയായിരുന്ന ഉദ്യോഗസ്ഥരെ ഇടിച്ച കാർ, പിന്നീട് പൊലീസ് ജീപ്പിലിടിച്ചാണ് നിന്നത്. അപകടത്തിൽ പൊലീസുകാർ ഇരുവാഹനങ്ങൾക്കും ഇടയിൽപെട്ടാണ് കാലുകൾക്ക് ഗുരുതര പരിക്കേറ്റത്. ഇവരുടെ ചികിത്സച്ചെലവ് പൊലീസ് വെൽ ഫെയർ ഫണ്ടിൽനിന്ന് ലഭ്യ മാക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശിച്ചിരുന്നു.