ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. 

കോഴിക്കോട്: തിരുവമ്പാടിയില്‍ മാങ്ങ പറിക്കുന്നതിനിടെ മാവില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ വയോധികന്‍ മരിച്ചു. ഓമശ്ശേരി നടമ്മല്‍പൊയില്‍ സ്വദേശി മാട്ടുമണ്ണില്‍ അബുബക്കര്‍ ഹാജിയാണ്(66) ദാരുണമായി മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. 

തിരുവമ്പാടി മറിയംപുറത്തെ അബൂബക്കര്‍ ഹാജിയും കുടുംബവും താമസിക്കുന്ന വാടക വീട്ടിലെ മാവിലാണ് കയറിയത്. മാങ്ങ പറിക്കുന്നതിനിടെ കാല്‍തെന്നി താഴെ വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍തന്നെ വീട്ടുടമസ്ഥനും നാട്ടുകാരും ചേര്‍ന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.