കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല
കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ പിക്ക് അപ്പ് വാനിടിച്ച് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. അങ്ങാടി സ്വദേശി ഉമ്മൻ വർഗീസ് (80) ആണ് അപകടത്തിൽ മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പുതുപ്പള്ളി പള്ളിയുടെ മുന്നിൽ വച്ചാണ് അപകടമുണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
കടമറ്റത്ത് ദേശീയ പാതയിൽ തൊഴിലാളികളെ കൊണ്ടു വരുന്ന ബസ്സും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദ് ആണ് മരിച്ചത്. കോലഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഇടിച്ച് മറിഞ്ഞു. രാവിലെ 6 മണിയോടെയായിരുന്നു അപകടം.
കൊല്ലം ഓയൂരിൽ വാഹനാപകടത്തിൽ 64 കാരൻ മരിച്ച അപകടത്തിൻ്റെ ദൃശ്യം പുറത്ത്. ബൈക്ക് യാത്രികനായ മരക്കുളം സോണിഭവനിൽ തങ്കച്ചനാണ് ഇന്നലെ മരിച്ചത്. ഓയൂർ - ഇത്തിക്കര റോഡിലായിരുന്നു അപകടം. കനത്ത മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തങ്കച്ചനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



