വൈദ്യുതി ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എട്ട് കുട്ടികൾ ആണ് ബസിൽ ഉണ്ടായിരുന്നത്...
കൊച്ചി: കൊച്ചി മരടിൽ സ്കൂൾ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് പൊട്ടിവീണു. വൈദ്യുതി ഇല്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. എട്ടു കുട്ടികളടക്കം പത്ത് പേരാണ് ബസിലുണ്ടായിരുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ അപകടമൊന്നും സംഭവിക്കാതെ കുട്ടികൾ രക്ഷപ്പെട്ടു. ഇലക്ട്രിക്ക് പോസ്റ്റിൽ ഉണ്ടായിരുന്ന കേബിളിൽ ബസ് തട്ടിയാണ് പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണത്.
തൃപ്പൂണിത്തുറ ഏരൂർ ഗുരുകുല വിദ്യാലയത്തിൻ്റെ ബസിനു മുകളിലാണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണത്. രാവിലെ 8 മണിയോടെയായിരുന്നു അപകടം. താഴ്ന്ന് കിടന്നിരുന്ന കേബിൾ ബസിൽ കുരുങ്ങിയതോടെയാണ് ഇലക്ട്രിക് പോസ്റ്റ് പൊട്ടിവീണത്. കുട്ടികളെ മറ്റൊരു വാഹനത്തിൽ സുരക്ഷിതമായി സ്ക്കൂളിലെത്തിച്ചു.
കേബിൾ കഴുത്തിൽ കുരുങ്ങിയുണ്ടായ വാഹനാപകടത്തില്‍ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കൊച്ചി: എറണാകുളം ചെമ്പുമുക്കിൽ താഴ്ന്നു കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങിയുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തൃക്കാക്കര നഗരസഭാ സെക്രട്ടറിയും അസിസ്റ്റന്റ് കമ്മീഷണറും ജൂലൈ 30 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. കേസ് ഓഗസ്റ്റ് 7 ന് വീണ്ടും പരിഗണിക്കും. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് മനുഷ്യാവകാശ കമ്മീഷൻ നടപടി.
ഫോർട്ട് കൊച്ചി സ്വദേശിയായ അലൻ ആൽബർട്ടാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അലൻ (25) ചെമ്പുമുക്കില്‍ അപകടത്തില്‍പെട്ടത്. മുന്നിലുണ്ടായിരുന്ന വാഹനത്തില്‍ കുരുങ്ങിയ കേബിൾ താഴ്ന്നപ്പോൾ അതുവഴി സ്കൂട്ടറിൽ വന്ന അലന്‍റെ കഴുത്തിൽ വരിഞ്ഞു മുറുകുകയായിരുന്നു. കേബിൾ കഴുത്തില്‍ കുരുങ്ങിയതോടെ സ്കൂട്ടര്‍ മറിഞ്ഞ് അലൻ താഴെ വീണു.
കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും റോഡുകളിലെ താഴ്ന്ന് കിടക്കുന്ന കേബിളുകള്‍ കാല്‍നട - വാഹന യാത്രക്കാര്‍ക്ക് അപകടമുണ്ടാക്കുന്നത് ഇത് ആദ്യമല്ല. ഇപ്പോള്‍ മരിച്ച അലന്‍റെ ബന്ധു വി ആർ വർഗീസടക്കം ഒട്ടേറെ പേര്‍ക്ക് താഴ്ന്ന കിടക്കുന്ന കേബിളുകള്‍ കുരുങ്ങി വാഹനം അപകടത്തില്‍പെട്ട് പരിക്കേറ്റിട്ടുണ്ട്.
നഗരത്തിലെ അനധികൃത കേബിളുകൾ മുറിച്ച് മാറ്റാൻ കോർപറേഷൻ കൗൺസിൽ നേരത്തെ തീരുമാനം എടുത്തിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. അപകടകരമായ കേബിളുകൾ ഉടമകൾ തന്നെ നീക്കം ചെയ്യണമെന്ന് പലതവണ മുന്നറിയിപ്പ് നൽകിയെങ്കിലും പ്രതികരണമില്ലാതെ വന്നപ്പോഴാണ് കോർപ്പറേഷൻ കൗൺസിൽ ഈ തീരുമാനമെടുത്തത്. പൊതുമരാമത്ത് വകുപ്പിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലാത്തത് കൊണ്ടാണ് കേബിളുകൾ നീക്കം ചെയ്യാൻ സാധിക്കാത്തതെന്നാണ് കൊച്ചി കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഡിക്സന്‍റെ വിശദീകരണം.
