പുലര്‍ച്ചെ നാലുമണിയോടെ കാട്ടാനക്കൂട്ടത്തിന്‍റെ ചിന്നം വിളികേട്ടാണ് തോട്ടം തൊഴിലാളികളും ടാപ്പിംഗ് തൊഴിലാളികളും പാലപ്പിള്ളി കുണ്ടായി ചക്കിപ്പറമ്പ് കോളനി റോഡിലേക്കെത്തുന്നത്. അരണ്ട വെളിച്ചത്തില്‍ കണ്ടത് റോഡിലെ കാനയില്‍ വീണു കിടക്കുന്ന കുട്ടിയാനയെ.
തൃശ്ശൂർ: അമ്മമാരെ പോലെ മറ്റൊരു പോരാളിയില്ലെന്നാണ് പൊതുവെ പറയപ്പെടാറ്. അപകടത്തിൽപ്പെട്ട മക്കളെ രക്ഷിക്കാനായി ജീവൻ കൊടുത്ത് കൂടെ നിൽക്കുന്ന നിരവധി അമ്മമാരുടെ കഥ നാം കേട്ടിട്ടുണ്ട്. കാനയില്‍ വീണ കുട്ടിയാനയെ അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ച ഒരമ്മയാനയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം വൈറലാവുന്നത്. തൃശൂര്‍ പാലപ്പിള്ളി റബ്ബര്‍ എസ്റ്റേറ്റിലാണ് സംഭവം.
പുലര്‍ച്ചെ നാലുമണിയോടെ കാട്ടാനക്കൂട്ടത്തിന്‍റെ ചിന്നം വിളികേട്ടാണ് തോട്ടം തൊഴിലാളികളും ടാപ്പിംഗ് തൊഴിലാളികളും പാലപ്പിള്ളി കുണ്ടായി ചക്കിപ്പറമ്പ് കോളനി റോഡിലേക്കെത്തുന്നത്. അരണ്ട വെളിച്ചത്തില്‍ കണ്ടത് റോഡിലെ കാനയില്‍ വീണു കിടക്കുന്ന കുട്ടിയാനയെ ആണ്. കാവലായി ഒരു അമ്മയാനയും. തൊട്ടടുത്തായി കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു. അമ്മയാന പരിഭ്രാന്തയായി കാനയ്ക്ക് ചുറ്റും നടക്കുന്നത് കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ പ്രേം ഷെമീറിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. അപ്പോഴേക്കും നേരം വെളുത്തു തുടങ്ങി.
കാനയിൽ കുടുങ്ങിയ കുട്ടിയാനയെ ജെസിബി എത്തിച്ച് പുറത്തെടുക്കാനുള്ള നീക്കം വനം വകുപ്പ് ആരംഭിച്ചു. എന്നാല്‍ അതിനിടെയിലാണ് തോട്ടത്തില്‍ നിടന്നിരുന്ന റബ്ബര്‍ തടികള്‍ അമ്മയാന കാനയ്ക്ക് കുറുകെ കൊണ്ടിടാനാരംഭിച്ചത്. അമ്മയാന കുഞ്ഞിനെ രക്ഷിക്കാനുള്ള പരിശ്രമം നടത്തുമ്പോള്‍ കാട്ടാനക്കൂട്ടം കാവലായി അടുത്തു തന്നെ നിലയുറപ്പിച്ചിരുന്നു. അമ്മയാന മരത്തടികള്‍ കാനയിലേക്ക് കൊണ്ടിട്ടതോടെ കുട്ടിയാന പതുക്കെ കാനയില്‍ നിന്ന് കരകയറുകയായിരുന്നു. അഞ്ച് മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിൽ ആനക്കുട്ടി കരകയറി അമ്മയാനയ്ക്കെപ്പം കാടു കയറി.
Read More : 21 ലക്ഷം രൂപയുടെ തക്കാളിയുമായി കാണാതായ ലോറി ഗുജറാത്തിൽ; ജിപിഎസ് ഊരിമാറ്റി, മറിച്ചുവിറ്റത് ഡ്രൈവർ
വീഡിയോ സ്റ്റോറി : അഞ്ച് മണിക്കൂർ നീണ്ട പരിശ്രമം; തൃശ്ശൂരിൽ കാനയിൽ വീണ ആനക്കുട്ടിയെ അമ്മയാന രക്ഷിച്ചു, ഒടുവിൽ കാട്ടിലേക്ക് മടക്കം

