Asianet News MalayalamAsianet News Malayalam

വിരണ്ടോടിയ പിടിയാന കിണറ്റില്‍ കുടുങ്ങി; ഒടുവില്‍ രക്ഷപ്പെടുത്തി

 തുരുത്തിപ്പള്ളി കവലയ്ക്ക് സമീപമാണ് സംഭവം നടന്നത്. പാലസ്വദേശിയുടെ കല്ല്യാണി എന്നുപേരുള്ള പിടിയാനയാണ് സമീപത്തുള്ള വീടിന്‍റെ അമ്പതടി താഴ്ചയുള്ള കിണറില്‍ കുടുങ്ങിയത്.

elephant trapped in well at kottayam thuruthipally
Author
Thuruthiply, First Published Dec 3, 2021, 9:54 AM IST

കോട്ടയം: വിരണ്ടോടിയ പിടിയാന കിണറ്റില്‍ കുടുങ്ങി. കഴിഞ്ഞ ദിവസം കോട്ടയം പനച്ചിക്കാട് തുരുത്തിപ്പള്ളി കവലയ്ക്ക് സമീപമാണ് സംഭവം നടന്നത്. പാലസ്വദേശിയുടെ കല്ല്യാണി എന്നുപേരുള്ള പിടിയാനയാണ് സമീപത്തുള്ള വീടിന്‍റെ അമ്പതടി താഴ്ചയുള്ള കിണറില്‍ കുടുങ്ങിയത്. അരമണക്കൂറോളം പരിശ്രമിച്ചാണ് ഒടുവില്‍ ആനയെ കിണറ്റില്‍ വീഴാതെ പുറത്ത് എത്തിച്ചത്. തടിപിടിക്കാന്‍ കൊണ്ടുപോകുന്നതിനിടെ തുരുത്തിപ്പള്ളി കവലയില്‍ വച്ച് ആന പിണങ്ങി ഓടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു നാടകീയ സംഭവങ്ങളുടെ തുടക്കം.

കവലയില്‍ നിന്നും ഓട്ടം ആരംഭിച്ച ആന ഏതാണ്ട് 4 കിലോമീറ്ററോളം ഓടി. ഇതിനിടെ ആനയുടെ വാലില്‍ പിടിച്ച് ഒരു പാപ്പന്‍ ആനയുടെ വേഗത കുറച്ചു. അതിനിടെ ഓടിയ ആന തുരുത്തപ്പള്ളി സീതഭവന്‍ എന്ന വീട്ടിന് മുന്നിലെത്തി. ഇവിടുത്തെ വീട്ടുമുറ്റത്തെ കിണര്‍ ചാടികടക്കാനുള്ള ശ്രമത്തില്‍ ആന കിണറ്റില്‍ കുടുങ്ങി. 

അമ്പതടി താഴ്ചയുള്ള കിണറ്റില്‍ തുമ്പിക്കൈയും, തലയും പുറത്തും, മുന്‍കാലുകള്‍ കിണറ്റിനകത്തും എന്ന അവസ്ഥയിലാണ് പിടിയാന കുടുങ്ങിയത്. ഒടുവില്‍ പാപ്പന്മാരുടെ നിര്‍ദേശത്തില്‍ മുന്‍കാല്‍ നിരക്കിയാണ് ആന കാല്‍ പിന്നോട്ട് എടുത്ത് കിണറ്റില്‍ നിന്നും ഇറങ്ങിയത്. ആനയുടെ തുമ്പിക്കൈയ്ക്കും മുഖത്തും ചെറിയ പരിക്ക് പറ്റിയിരുന്നു. കിണറിന്‍റെ തൂണ്‍ വീണ് രണ്ടാം പാപ്പാനും ചെറിയ പരിക്ക് പറ്റിയിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു.

കിണറിനോട് അനുബന്ധിച്ചുണ്ടായിരുന്ന പമ്പും മോട്ടോറും കിണറ്റില്‍ വീണിരുന്നു. വെള്ളം നല്‍കുന്ന പൈപ്പ് പൊട്ടി. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം ആന ഇടഞ്ഞ സമയത്ത് ആനപ്പുറത്ത് ഒരു കുട്ടിയുണ്ടായിരുന്നുവെന്നും കുട്ടിയെ സുരക്ഷിതമായി നിലത്ത് ഇറക്കിയെന്നും നാട്ടുകാര്‍ പറയുന്നു. തിരക്കുള്ള കവലയിലൂടെയാണ് ആന ഓടിയതെങ്കിലും നാശനഷ്ടങ്ങളോ, ആളുകള്‍ക്ക് പരിക്കോ പറ്റിയില്ല.

Follow Us:
Download App:
  • android
  • ios