ലിഫ്റ്റിന്റെ റോപ്പ് പൊട്ടിയാണ് അപകടം സംഭവിച്ചത്. ലിഫ്റ്റിൽ ഉണ്ടായിരുന്ന അലാറം സഹായത്തിനായി മുഴക്കിയെങ്കിലും ആരും എത്തിയില്ല

അഞ്ചൽ: കൊല്ലം അഞ്ചലിൽ സ്വകാര്യ ആശുപത്രിയിലെ ലിഫ്റ്റ് തകർന്നു. രോഗിയെ കാണാൻ എത്തിയവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിലായിരുന്നു സംഭവം. ലിഫ്റ്റിലുണ്ടായിരുന്ന ഇടയം സ്വദേശികളായ ഷാജി, രമേഷ്, മുരളി, പ്രസാദ്, സജീവ് എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് എഴരയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ മൂന്നാം നിലയിലുണ്ടായിരുന്ന രോഗിയെ സന്ദർശിച്ച ശേഷമാണിവർ ലിഫ്റ്റ് വഴി താഴേക്കിറങ്ങിയത്. ലിഫ്റ്റിന്റെ റോപ്പ് പൊട്ടിയാണ് അപകടം സംഭവിച്ചത്. ലിഫ്റ്റിൽ ഉണ്ടായിരുന്ന അലാറം സഹായത്തിനായി മുഴക്കിയെങ്കിലും ആരും എത്തിയില്ലന്നും തുടർന്ന് അഞ്ചൽ പൊലീസിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നുവെന്നും അപകടത്തിൽ പെട്ടവർ പ്രതികരിക്കുന്നത്. അഞ്ചൽ പൊലീസ് ഹോസ്പിറ്റലിൽ വിവരമറിയിച്ചതിനെ തുടർന്നാണ് ടെക്നീഷ്യൻ എത്തി കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം