എറണാകുളത്ത് വിവേക് എക്സ്പ്രസിൽ നിന്ന് ആർപിഎഫ് 33.200 കിലോ കഞ്ചാവ് പിടികൂടി. വിപണിയിൽ 17 ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. കന്യാകുമാരിയിലേക്ക് പോകുന്ന ട്രെയിനിൽ നിന്നാണ് കണ്ടെത്തിയത്. 

കൊച്ചി: എറണാകുളത്ത് ആർപിഎഫിന്റെ നേതൃത്വത്തിൽ വൻ കഞ്ചാവ് വേട്ട. കന്യാകുമാരിയിലേക്ക് പോകുന്ന വിവേക് എക്സ്പ്രസ് എത്തിച്ചേർന്ന ശേഷം സംശയാസ്പദമായ രീതിയിൽ 33.200 കിലോ കഞ്ചാവ് അടങ്ങിയ രണ്ട് ചാക്കു കെട്ടുകൾ ആർപിഎഫ് ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് കണ്ടെടുത്തു. തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർപിഎഫ് ആലുവ, എക്‌സൈസ് ആലുവ എന്നിവർ സംയുക്തമായി വിവേക് എക്സ്പ്രസിലും പ്ലാറ്റ്ഫോമിലും, ട്രെയിനിലും നടത്തിയ പരിശോധനയിലാണ് ബാഗ് കണ്ടെടുത്തത്. വിപണിയിൽ 17 ലക്ഷത്തോളം രൂപ വില വരുന്ന കഞ്ചാവ് ചെറു പൊതികളാക്കി വടക്കേ ഇന്ത്യൻ സംസ്ഥാന തൊഴിലാളികൾക്ക് മറിച്ചു വിൽക്കാനായിരുന്നു ശ്രമം. പൊലീസിൻ്റെ സാന്നിധ്യം കണ്ട് ബാഗ് ഉപേക്ഷിച്ച് രക്ഷപെട്ടതായിരിക്കും എന്ന് ആർപിഎഫ് പറഞ്ഞു.

ഇന്ന് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലും, 5 കിലോ കഞ്ചാവ് സമാനമായ രീതിൽ പിടിച്ചെടുത്തിരുന്നു. ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദ്ദേശത്താൽ ആർപിഎഫ് ആലുവ ഇൻസ്‌പെക്ടർ വേണു, സബ് ഇൻസ്‌പെക്ടർ മണികണ്ഠൻ, ഹെഡ് കോൺസ്റ്റബിൾമാരായ എൽദോസ്, അജി, ക്രൈം ഇൻ്റെലിജൻസ് ഇൻസ്പെക്ടർ ജിപിൻ എ. ജെ, എസ്‌സിസ് റേഞ്ച് ഇൻസ്‌പെക്ടർ സബ് ഇൻസ്പെക്ടർ ജോമോൻ ക്രൈം ഇൻ്റെലിജൻസ് ഉദ്യോഗസ്ഥരായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സിജോ സേവിയർ, ഹെഡ് കോൺസ്റ്റബിൾ വിപിൻ. ജി, എന്നിവടങ്ങിയ സംഘമാണ് കഞ്ചാവ് കണ്ടെടുത്തത്. ശിവരാത്രിയും, നിയമസഭാ ഇലക്ഷനും മുന്നിൽക്കണ്ടു കൊണ്ടാണ് കഞ്ചാവ് കടത്തിൻ്റെ അളവ് കൂടുന്നതെന്നും, തുടർന്നും ഇത്തരത്തിലുള്ള പരിശോധനകൾ ശക്തമാക്കുമെന്നും ക്രൈം ഇൻ്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ പറഞ്ഞു