യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി പണം തട്ടിയ കേസിൽ മാവേലിക്കര സ്വദേശി അറസ്റ്റിലായി. ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ചാണ് പലരിൽ നിന്നായി പണം തട്ടിയത്. പ്രതിയുടെ ഭാര്യ കേസിൽ രണ്ടാം പ്രതിയാണ്

ആലപ്പുഴ: യുവതിയുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ നിർമിച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. മാവേലിക്കര തഴക്കര കുന്നം പറയരേത്ത് വീട്ടിൽ സുജിത്ത് വി എസ് (23) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ കൊല്ലം സ്വദേശി സാന്ദ്ര (23)യെ കേസിൽ രണ്ടാം പ്രതിയാക്കി. സാന്ദ്രയ്ക്ക് ആലപ്പുഴ സൈബർ ക്രൈം പോലീസ് നോട്ടീസ് നൽകി. ഭാര്യയുടെ ഫോൺ നമ്പറും ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോകളും ഉപയോഗിച്ച് ഫെയ്‌സ്ബുക്കിൽ വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ മാർച്ചിലാണ് സുജിത്ത് പരാതിക്കാരിയുടെ പ്രൊഫൈൽ പിന്തുടർന്ന് ഫോട്ടോകൾ കൈക്കലാക്കിയത്. തുടർന്ന് ആര്യ സാന്ദ്ര (Arya Sandra) എന്ന പേരിൽ ആദ്യം വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമിച്ചു. ഒക്ടോബറോടെ 'Sandra Suresh', 'Sandra Suresh Abhi' എന്നീ പേരുകളിൽ രണ്ടു പ്രൊഫൈലുകൾ കൂടി ഉണ്ടാക്കി. താൻ വിധവയാണെന്നും കുഞ്ഞിന് അസുഖമാണെന്നും ചികിത്സയ്ക്കായി സഹായിക്കണമെന്നും പറഞ്ഞാണ് ഇവർ പലരുമായി ചാറ്റ് ചെയ്തത്. ജോയിന്റ് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പേടിഎം നമ്പറും നൽകി പലരിൽ നിന്നായി അഞ്ഞൂറും ആയിരവും രൂപ വീതം ഇവർ തട്ടിയെടുത്തിട്ടുണ്ട്. പരാതിക്കാരിയുടെ യഥാർഥ പ്രൊഫൈലിൽ കുഞ്ഞിന്റെ അസുഖവിവരങ്ങൾ അന്വേഷിച്ച് മെസേജുകൾ വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് ഫെബ്രുവരി 10ന് പോലീസിൽ പരാതി നൽകുകയായിരുന്നു.

വ്യാജ പ്രൊഫൈലുകളുമായി ബന്ധിപ്പിച്ച ഫോൺ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഏലിയാസ് പി ജോർജ്, എസ്ഐമാരായ ലിജിമോൾ പി റ്റി, ശരത് ചന്ദ്രൻ വി എസ്, സിപിഒമാരായ വിഷ്ണു ദേവാനന്ദ്, വിദ്യ ഓ കുട്ടൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഒന്നാം പ്രതി സുജിത്തിനെ ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രിയങ്ക എസ് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോൺ നമ്പർ ഉടമയും ബാങ്ക് അക്കൗണ്ട് ജോയിന്റ് ഹോൾഡറുമായ സാന്ദ്രയ്ക്ക് ഭാരതീയ നാഗരിക സുരക്ഷാ സംഹിത വകുപ്പ് 35(3) പ്രകാരം നോട്ടീസ് നൽകി രണ്ടാം പ്രതിയാക്കി. കേസിൽ അന്വേഷണം തുടരുകയാണ്. പ്രതികളുടെ വ്യാജ അക്കൗണ്ടുകൾ വഴി പണം നഷ്ടപ്പെട്ടവർ സൈബർ ക്രൈം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.