റഷ്യയിലെ ഉഫ സിറ്റിയിൽ 19 ദിവസം മുൻപ് കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി അജിത് സിങ് ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഉഫ സിറ്റി: റഷ്യയിൽ 19 ദിവസം മുൻപ് കാണാതായ ഇന്ത്യൻ മെഡിക്കൽ വിദ്യാർത്ഥി അജിത് സിങ് ചൗധരിയെ മരിച്ച നിലയിൽ കണ്ടെത്തി. റഷ്യയിലെ ഉഫ സിറ്റിയിൽ വൈറ്റ് നദിയോട് ചേർന്നുള്ള അണക്കെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹത്തിൻ്റെ ഇന്ത്യയിലുള്ള ബന്ധുക്കളെ മരണ വിവരം അറിയിച്ചു.
രാജസ്ഥാനിലെ അൽവാറിനടുത്ത് ലക്ഷ്‌മൺഗഡിലെ കുഫുൻവാര സ്വദേശിയായിരുന്നു അജിത് സിങ്. റഷ്യയിലെ ഉഫ സിറ്റിയിലെ ബഷ്‌കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു. ഒക്ടോബർ 19 നാണ് ഇദ്ദേഹത്തെ അഴസാനമായി കണ്ടത്. വാർഡൻ്റെ പക്കൽ നിന്ന് പാൽ വാങ്ങി വരാമെന്ന് സുഹൃത്തുക്കളോട് പറഞ്ഞ് ഇറങ്ങിപ്പോയ യുവാവ് പിന്നീട് മടങ്ങിവന്നില്ലെന്നാണ് മൊഴി.
അജിതിൻ്റെ മൃതദേഹം സുഹൃത്തുക്കൾ തിരിച്ചറിഞ്ഞു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇത് നാട്ടിലേക്ക് തിരിച്ചെത്തിക്കും. ഉഫയിൽ വൈറ്റ് നദീതീരത്ത് അജിതിൻ്റേതെന്ന് കരുതുന്ന ജാക്കറ്റും മൊബൈൽ ഫോണും കണ്ടെത്തി. അജിത് പഠിച്ചിരുന്ന മെഡിക്കൽ കോളേജിനടുത്താണ് വൈറ്റ് നദി.
കാണാതാവുന്നതിന് ഒരു മണിക്കൂർ മുൻപ് അജിത് അമ്മയോടും സഹോദരിയോടും വീഡിയോ കോളിൽ സംസാരിച്ചിരുന്നു. അടുത്ത മാസം നാട്ടിൽ വരാൻ നിശ്ചയിച്ചിരുന്നതാണെന്നും ഈ സമയത്താണ് അജിതിനെ കാണാതായതെന്നും കുടുംബം പറയുന്നു.
