തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റർ അപ്രതീക്ഷിതമായി പിന്നോട്ട് കറങ്ങി യാത്രക്കാർക്ക് പരിക്കേറ്റു. എമർജൻസി ബട്ടൺ അമർത്തിയതാണ് കാരണമെന്ന് റെയിൽവേ പറയുമ്പോൾ, എസ്കലേറ്റർ തനിയെ തിരിഞ്ഞതാണെന്ന് യാത്രക്കാർ പറയുന്നു. സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ എസ്കലേറ്റർ തിരിച്ച് കറങ്ങിയ സംഭവത്തിൽ അന്വേഷണവുമായി റെയിൽവേ. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു സംഭവം. വഞ്ചിനാട് എക്‌സ്പ്രസിൽ വന്ന യാത്രക്കാർക്കാണ് തെറിച്ചുവീണ് പരിക്കേറ്റത്. ട്രെയിനിറങ്ങി ജോലിസ്ഥലങ്ങളിലേക്ക് പോകാനുള്ള തിരക്കിലായിരുന്നു പലരും. ഇതിനിടയിൽ അപ്രതീക്ഷിതമായി എസ്‌കലേറ്റർ പിന്നിലേക്ക് കറങ്ങുകയായിരുന്നു. പരിഭ്രാന്തിക്കിടയിൽ ചിലർ വീണു.

Add Asianetnews as a Preferred SourcegooglePreferred

ഉടൻ തന്നെ ഇത് നിർത്താനായതിനാലാണ് വൻ അപകടം ഒഴിവായതെന്ന് യാത്രക്കാർ പറയുമ്പോൾ ഈ സാധ്യത തള്ളിയാണ് റയിൽവേ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.പ്രാഥമിക സാങ്കേതിക വിലയിരുത്തൽ പ്രകാരം, വഞ്ചിനാട് എക്സ്പ്രസ് എത്തിയതിന് പിന്നാലെ എസ്‌കലേറ്ററിൽ വലിയ തിരക്കനുഭവപ്പെട്ടിരുന്നു. ഈ സമയത്ത് ആരോ എമർജൻസി സ്റ്റോപ്പ് ബട്ടൺ അമർത്തിയതാണ് എസ്‌കലേറ്റർ പെട്ടെന്ന് നിൽക്കാൻ കാരണമായതെന്ന് റെയിൽവേ പറയുന്നു.

അപ്രതീക്ഷിതമായ ഈ നിർത്തം മൂലമുണ്ടായ ആഘാതത്തിൽ എസ്‌കലേറ്ററിലുണ്ടായിരുന്ന ഏതാനും യാത്രക്കാർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും വീഴുകയും ചെയ്തു. ഇതിൽ ഒരാൾക്ക് വീഴ്ചയിലും മറ്റ് രണ്ട് പേർക്ക് നിസ്സാര പോറലുകളുമാണ് ഏറ്റത്. വലിയ പരിക്കുകളോ മറ്റ് ഗുരുതരമായ സംഭവങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റയിൽവേ കണ്ടെത്തി.ഇത് പൊരുത്തക്കേട് ആയതോടെയാണ് വിശദമായ അന്വേഷണം പ്രഖ്യാപിച്ചത്.

എസ്‌കലേറ്റർ നിർമ്മിച്ച കമ്പനിയിൽ നിന്നുള്ള വിദഗ്ധരെ അടിയന്തര പരിശോധനയ്ക്കായി വിളിക്കുകയും, മുൻകരുതൽ നടപടിയെന്ന നിലയിൽ എസ്‌കലേറ്ററിന്റെ അനുബന്ധ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കുകയും ചെയ്തെന്നും റയിൽവേ അറിയിച്ചു. ​റെയിൽവേ സംരക്ഷണ സേനയും ബന്ധപ്പെട്ട റെയിൽവേ വിഭാഗങ്ങളും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പുറത്തുനിന്നുള്ള ഇടപെടലുകളോ മനഃപൂർവമായ അട്ടിമറികളോ ഇതുവരെ കണ്ടെത്തിയിട്ടില്ല.

നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് എസ്‌കലേറ്റർ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തിവരുന്നതാണെങ്കിലും, സുരക്ഷാ വിഭാഗം ഈ സംഭവത്തെ ആഴത്തിൽ പരിശോധിക്കാനാണ് തീരുമാനം. ഔദ്യോഗികമായ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ​യാത്രക്കാരുടെ സുരക്ഷയ്ക്കാണ് റെയിൽവേ പരമപ്രധാന പരിഗണന നൽകുന്നത്. ഇത്തരം ഓരോ സംഭവങ്ങളെയും അതീവ ഗൗരവത്തോടെ കാണുകയും സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു.

ഇന്നലെ നാലാമത്തെ പ്ലാറ്റ്ഫോമിൽ നിന്നും ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്താനായി യാത്രക്കാർ എസ്‌കലേറ്ററിൽ കയറിയപ്പോഴാണ് അപകടം. മുകളിലേക്ക് നീങ്ങിയ എസ്‌കലേറ്റർ പെട്ടെന്ന് നിൽക്കുകയും വലിയ ശബ്ദത്തോടെ താഴേക്ക് തിരിഞ്ഞു കറങ്ങുകയുമായിരുന്നു. യാത്രക്കാർ പരിഭ്രാന്തരായി. യാത്രക്കാർ നിയന്ത്രണം തെറ്റി താഴെ നിന്ന യാത്രക്കാരുടെ മുകളിലേക്ക് വീണു. പെട്ടെന്ന് ഒരു യാത്രക്കാരൻ എമർജൻസി സ്വിച്ച് അമർത്തി എസ്‌കലേറ്ററിന്റെ പ്രവർത്തനം നിറുത്തുകയായിരുന്നു. വഞ്ചിനാടിൽ വന്നിറങ്ങിയ ഓഫീസുകളിലേക്ക് പോകാനുള്ളവരുടെ തിരക്കാണ് പ്ലാറ്റ്ഫോമിലുണ്ടായത്. അപകടമുണ്ടായിട്ടുപോലും സഹായിക്കാൻ ആർപിഎഫുകാർ എത്തിയില്ലെന്നും യാത്രക്കാർ പറയുന്നു.