വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി മാന്നാർ പൊലീസിന്‍റെ പിടിയിൽ
മാന്നാർ: വിവാഹ വാഗ്ദാനം നൽകി വിധവയായ സ്ത്രീയെ പീഡിപ്പിക്കുകയും ലക്ഷങ്ങൾ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പ്രതി മാന്നാർ പൊലീസിന്‍റെ പിടിയിൽ. പരുമല ഓടാട്ട് കിഴക്കേതിൽ കെ എം ബഷീർ (48) ആണ് അറസ്റ്റിലായത്. 19 ലക്ഷം രൂപയാണ് പലപ്പോഴായി ഇയാൾ സ്ത്രീയിൽ നിന്നും തട്ടിയെടുത്തത്. ചെങ്ങന്നൂർ ഡിവൈഎസ്‌പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മാന്നാർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. 2020ൽ പത്രപരസ്യത്തിൽ നിന്നുള്ള ഫോൺ നമ്പറിൽ ഇടനിലക്കാരനായി സംസാരിച്ചാണ് പ്രതി സ്ത്രീയുമായി പരിചയത്തിലായത്. പിന്നീട് ചങ്ങനാശ്ശേരി സ്വദേശി അഫ്സൽ എന്ന വ്യാജപേരിൽ വീട്ടിലെത്തി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. നിരന്തരം സ്ത്രീയുടെ വീട്ടിലെത്തിയിരുന്ന ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇതിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെയാണ് വിവാഹ വാഗ്ദാനം നൽകി സ്ത്രീയെ അനുനയിപ്പിച്ചത്.
തുടർന്ന് സ്ഥിരമായി വീട്ടിലെത്തിയിരുന്ന പ്രതി പല കാരണങ്ങൾ പറഞ്ഞ് പലതവണയായി 19 ലക്ഷം രൂപ തട്ടിയെടുത്തതായും നിരന്തരം പീഡിപ്പിച്ചതായും സ്ത്രീ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. 2026 ജൂൺ മാസം മുതൽ പ്രതിയുടെ പെരുമാറ്റത്തിൽ വ്യത്യാസം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. നൽകിയ പണം തിരികെ ചോദിച്ചപ്പോൾ ജീവന് ഭീഷണിയുണ്ടായതിനെ തുടർന്നാണ് ഇവർ ചെങ്ങന്നൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകിയത്. കേസെടുത്തതറിഞ്ഞ് പ്രതി ഒളിവിൽ പോയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



