തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ അപകടത്തിൽപെട്ട പൈലിങ് യന്ത്രം ഉയർത്തി. സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് ചരിഞ്ഞ യന്ത്രം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഉയർത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർമ്മാണപ്രവൃത്തികൾക്കിടെ മറിഞ്ഞ പൈലിങ് യന്ത്രം അടങ്ങിയ വാഹനം ഉയർത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകുന്നേരം 6:45 ഓടെയാണ് വാഹനം ഉയർത്തി പൂർവസ്ഥിതിയിലാക്കിയത്. ഇടയ്ക്ക് പെയ്ത മഴയിൽ വാഹനം മണ്ണിൽ പുതഞ്ഞത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും ക്രെയിനും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചു നടത്തിയ പരിശ്രമത്തിലൂടെയാണ് വാഹനം ഉയർത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ ആണ് വാഹനം പകുതിയോളം തലകീഴായ നിലയിൽ മറിഞ്ഞത്. സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിന്റെ വൈദ്യുതി ലൈനിന് മുകളിലാണ് വാഹനം ചരിഞ്ഞുകിടന്നത്. വാഹനം മുന്നോട്ട് ആഞ്ഞുപോയിരുന്നെങ്കിൽ വൈദ്യുതി ലൈനിലേക്കോ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്കോ മറിയുമായിരുന്നു. ഇതിന് മുൻപേ വാഹനം പൂർവസ്ഥിതിയിലാക്കാൻ ശ്രമം ആരംഭിച്ചു.

സ്റ്റേഷനിൽ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് മുന്നോടിയായി നടന്ന പൈലിങ് പ്രവൃത്തികൾക്കിടെ ആണ് വാഹനം മറിഞ്ഞത്. സ്റ്റേഷനിലെ വൈദ്യുതി ലൈനിന് മുകളിലേക്ക് വാഹനം ചാഞ്ഞ് നിന്ന സാഹചര്യത്തിൽ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ സ‍ർവീസ് നിർ‍ത്തിവെച്ചിരുന്നു. പകരം മറ്റ് മൂന്ന് പ്ലാറ്റ്ഫോമുകളിലൂടെയാണ് ട്രെയിൻ ഗതാഗതം ക്രമീകരിച്ചത്. വാഹനം മറിഞ്ഞത് ട്രെയിൻ സ‍ർവീസുകളിൽ ചിലത് വൈകാൻ കാരണമായി.