ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും എവിടെ നിന്നാണ് ലഭിച്ചതെന്നുമടക്കമുള്ള കാര്യങ്ങൾ എക്സൈസ് അന്വേഷിച്ച് വരികയാണ്.

തിരൂർ: മലപ്പുറം ജില്ലയിലെ തിരൂരിൽ ഏഴ് കിലോഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. തിരൂർ കുറ്റിപ്പുറം ഭാഗത്ത് വച്ചാണ് മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടികൂടിയത്. തിരൂർ മാറാക്കര സ്വദേശി മുഹമ്മദ് ഫൈസൽ, പശ്ചിമ ബംഗാൾ ഇസ്ലം പൂർ സ്വദേശി സോഫിക്കൂൾ മണ്ഡൽ എന്നിവരെയാണ് കഞ്ചാവുമായി എക്സൈസ് പൊക്കിയത്.

ഇവരെ എക്സൈസ് ചോദ്യം ചെയ്തുവരികയാണ്. ആർക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നും എവിടെ നിന്നാണ് ലഭിച്ചതെന്നുമടക്കമുള്ള കാര്യങ്ങൾ എക്സൈസ് അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ മുരുഗദാസിന്‍റെ നേതൃത്വത്തിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എസ് .ജി . സുനിൽ, പ്രിവന്റിവ് ഓഫീസർ എൻ . കെ. മിനുരാജ്, പ്രിവന്‍റീവ് ഓഫീസർ ഗ്രേഡ് മാരായ രാജീവ് കുമാർ കെ, സുനീഷ് പി.ഇ , ലെനിൻ എ.വി ,സിവിൽ എക്സൈസ് ഓഫീസർമാരായ കെ. മുഹമ്മദാലി,വി‌ടി കമ്മുക്കുട്ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എം. എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അതിനിടെ കോഴിക്കോടും ഒരാൾ കഞ്ചാവുമായി പിടിയിലായിരുന്നു. പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട സ്വദേശി പാറേമ്മല്‍ ലത്തീഫ് ആണ് ആറ് കിലോ കഞ്ചാവുമായി പൊലീസിന്‍റെ പിടിയിലായത്. കാപ്പകേസിൽ ജയിലിലായിരുന്ന ഇയാൾ പുറത്തിറങ്ങിയിട്ട് കുറച്ച് ആഴ്ചകളായിട്ടൊള്ളുവെന്ന് പൊലീസ് പറഞ്ഞു. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുവെച്ചാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് എസ്.ഐയും സംഘവും ലത്തീഫിനെ പിടികൂടിയത്. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട ഉയാളെ പെരുവണ്ണാമൂഴി പോലീസ് ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് കലക്ടര്‍ കാപ്പ നിയമം ചുമത്തി ആറുമാസം കരുതല്‍ തടങ്കില്‍ ആക്കിയത്.

Read More : ദിവസങ്ങളായി കാണാനില്ല, അന്വേഷിച്ചെത്തിയ കൂട്ടുകാരൻ ഞെട്ടി; ചേർത്തലയിൽ യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ