ചാരായ വിൽപ്പന നടത്തുന്നെന്ന വിവരത്തെ തുടര്‍ന്ന് കൃഷ്ണദാസിനെ കസ്റ്റഡിയിൽ എടുക്കുന്നതിനായി എത്തിയപ്പോഴായിരുന്നു സംഭവം.
കൊല്ലം: കൊല്ലം ചിതറയിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റു. ചടയമംഗലം എക്സൈസ് ഓഫിസിലെ ഉദ്യോഗസ്ഥരായ സബീർ, ഷൈജു എന്നിവർക്കാണ് അടിയേറ്റത്. ബൗണ്ടർമുക്ക് സ്വദേശിയായ കൃഷ്ണദാസ് എന്നയാളാണ് ഹെൽമെറ്റ് ഉപയോഗിച്ച് എക്സൈസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചത്. ചാരായ വിൽപ്പന നടത്തുന്നെന്ന വിവരത്തെ തുടര്‍ന്ന് കൃഷ്ണദാസിനെ കസ്റ്റഡിയിൽ എടുക്കുന്നതിനായി എത്തിയപ്പോഴായിരുന്നു സംഭവം. ഉദ്യോഗസ്ഥരെ മര്‍ദിച്ച ശേഷം കൃഷ്ണദാസ് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. കടന്നുകളഞ്ഞ പ്രതിക്കായി തെരച്ചിൽ തുടരുന്നു.
അതേസമയം തൃശ്ശൂര്‍ തളിക്കുളം തമ്പാൻകടവിൽ പതിനഞ്ചുകാരിക്ക് കള്ള് നൽകിയ ഷാപ്പിന്റെ ലൈസൻസ് റദ്ദാക്കിയതിന് പിന്നാലെ കൂടുതല്‍ നടപടികളുമായി എക്സൈസ്. ഷാപ്പിന്‍റെ നടത്തിപ്പുക്കാരായ പറവൂർ സ്വദേശി രവീന്ദ്രന്‍റെ ഗ്രൂപ്പിന് കീഴിലുള്ള മറ്റ് ആറ് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കാതിരിക്കാൻ എക്സൈസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടിനാണ് സംഭവം. നന്ദിക്കര സ്വദേശിനിയായ 15 കാരിയും 22 കാരൻ യുവാവും വാടാനപ്പള്ളിക്കടുത്ത് തമ്പാൻ കടവിലെ ഷാപ്പിലെത്തി കള്ളുകുടിച്ചിരുന്നു.
പിന്നീട് സ്നേഹതീരം ബീച്ചിലെത്തി ബഹളം വച്ചതോടെയാണ് പൊലീസ് എത്തിയത്. ചോദ്യം ചെയ്യലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെന്ന് വ്യക്തമായി. ഇതോടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി മൊഴിയെടുത്ത ശേഷമാണ് അവർക്കൊപ്പം പെൺകുട്ടിയെ പൊലീസ് വിട്ടയച്ചത്. പിറ്റേന്ന് ആൺ സുഹൃത്തിനെയും കള്ള് ഷാപ്പ് മാനേജരെയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയ പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
