ലഹരിക്കടത്ത് നിര്‍ബാധം തുടരുന്നതിനിടെ വയനാട്ടില്‍ നിരവധി യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു

കല്‍പ്പറ്റ: ലഹരിക്കടത്ത് നിര്‍ബാധം തുടരുന്നതിനിടെ വയനാട്ടില്‍ നിരവധി യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇന്നലെ നടന്ന കോമ്പിങ് ഓപ്പറേഷനില്‍ എട്ടുയുവാക്കളാണ് പിടിയിലായത്. ചൊവ്വാഴ്ച മാത്രം നിരവധി എന്‍ ഡി പി എസ് കേസുകളും ഒരു അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു. 

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം കോമ്പിങ്ങ് ഓപ്പറേഷനാണ് നടന്നുവരുന്നത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനക്കിടയില്‍ പന്ത്രണ്ട് ഗ്രാം കഞ്ചാവു സഹിതം തമിഴ്നാട് സ്വദേശിയായ ആര്‍. ഭരണി ചന്ദ്രന്‍ (23) എന്നയാളാണ് ആദ്യം പിടിയിലായത്. 

പിന്നാലെ പുല്‍പ്പള്ളി പെരിക്കല്ലൂര്‍ കടവിന് സമീപത്ത് നടന്ന പരിശോധനയില്‍ കഞ്ചാവുമായി മറ്റൊരു യുവാവും പിടിയിലായി. സുല്‍ത്താന്‍ ബത്തേരി ഇരുളം മുടക്കോലി പെരുമ്പാട്ടില്‍ വീട്ടില്‍ പി.എം. അരുണ്‍ (22) ആണ് പിടിയിലായത്. അതിര്‍ത്തി ചെക്‌പോസ്റ്റ് ആയി ബാവലിയിലാണ് മൂന്നാമത്തെയാള്‍ പിടിയിലായത്. ചെക്‌പോസ്റ്റ് പരിസരത്ത് നടത്തിയ പരിശോധനയില്‍ അമ്പത്തിയഞ്ച് ഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെ യുവാവിനെ ഉദ്യോഗസ്ഥര്‍ പിടികൂടി. മാനന്തവാടി പാണ്ടിക്കടവ് ചെമ്പന്‍ വീട്ടില്‍ നിഹാസ് ആണ് പിടിയിലായത്. 

പമരത്തിനടുത്ത കണിയാമ്പറ്റ കൂടോത്തുമ്മല്‍ നാല് സെന്റ് കോളനി ഭാഗത്ത് നടത്തിയ വാഹനപരിശോധനക്കിടെ അമ്പത് ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് 28-കാരന്‍ പിടിയിലായി. കണിയാമ്പറ്റ കൂടോത്തുമ്മല്‍ നാല് സെന്റ് കോളനി വീട്ടില്‍ പി. മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്. മേപ്പാടി - ചൂരല്‍ മല റോഡില്‍ നടത്തിയ പരിശോധനയില്‍ പത്ത് ഗ്രാം കഞ്ചാവ് കൈവശം വെച്ചെന്ന കുറ്റത്തിന് ചൂരല്‍ മല സ്രാമ്പിക്കല്‍ വീട്ടില്‍ എസ്. മുഹമ്മദ് ഫായിസ് (22) എന്നയാളെ അറസ്റ്റ് ചെയ്തു. 

Read more:  ടിവി കാണാൻ പോയ സഹോദരിയെ വിളിക്കാൻ ചെന്ന പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: അയൽവാസിക്ക് 6 വർഷം തടവ്

തോല്‍പ്പെട്ടിയിലെ പരിശോധനക്കിടയിലാണ് മദ്യക്കടത്ത് നടത്തിയ സംഘം അറസ്റ്റിലായത്. മൈസൂര്‍ - കല്‍പ്പറ്റ കെ.എസ്.ആര്‍.ടി.സി ബസില്‍, അമ്പത് പാക്കറ്റുകളിലായി ഒമ്പതുലിറ്റര്‍ കര്‍ണാടക നിര്‍മ്മിത വിദേശമദ്യം കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് മാനന്തവാടി, തൃശ്ശിലേരി മാനിവയല്‍ കൊല്ലിയില്‍ വീട്ടില്‍ പി. വിനോദ്. (33), തിരുനെല്ലി അപ്പപ്പാറ ആകൊല്ലികുന്ന് തോട്ടിങ്കല്‍ വീട്ടില്‍ എ.ആര്‍. മണികണ്ഠന്‍ (32), മാനന്തവാടി തൃശ്ശിലേരി വരിനിലം അടിയ കോളനിയില്‍ നിഥുന്‍ നാരായണന്‍ (28) എന്നിവരാണ് പിടിയിലായത്. ഇവര്‍ക്കെതിരെ അബ്കാരി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വരുംദിവസങ്ങളില്‍ വ്യാപക പരിശോധന തുടരുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.