തിരുവനന്തപുരത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 4000 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സ്കൂട്ടറിൽ കടത്തുകയായിരുന്ന 100 കിലോ പുകയിലയുമായി പിടിയിലായ ബീമാപള്ളി സ്വദേശി അമീനെ ചോദ്യം ചെയ്തപ്പോഴാണ് പുഞ്ചക്കരിയിലെ വാടക വീട്ടിൽ സൂക്ഷിച്ച വൻ ശേഖരം കണ്ടെത്തിയത്.
തിരുവനന്തപുരം: എക്സൈസ് പരിശോധനയിൽ 4000 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചാക്കുകെട്ടുകളിൽ നിറച്ച ശംഭു, ഗണേഷ് തുടങ്ങിയ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബീമാപള്ളി സ്വദേശി അമീനെ (42) കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചക്കട ഭാഗത്ത് വച്ച്, എക്‌സൈസ് ഇന്‍റലിജൻസ് ആന്‍റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയും നെയ്യാറ്റിൻകര എക്സൈസ് റെയ്ഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 100 കിലോ നിരോധിത പുകയില ഉല്പന്നങ്ങൾ സ്‌കൂട്ടറിൽ കടത്തികൊണ്ട് വന്നപ്പോഴാണ് അമീനെ പിടികൂടുന്നത്.

കൂടുതൽ ചോദ്യം ചെയ്തതിൽ നിന്നും ഇയാൾ വാടകയ്ക്ക് പുഞ്ചക്കരിയിൽ വീട് എടുത്ത് വിൽപ്പന നടത്തുന്നതായും വിവരം ലഭിച്ചു. വീട് പരിശാധിച്ചപ്പോഴാണ് വിവിധ മുറികളിലായി നിറച്ച ചാക്കുകളിൽ 4000 കിലോ നിരോധിത പുകയില ഉല്‌പന്നങ്ങൾ കണ്ടെത്തിയത്. ശംഭു, ഗണേഷ് തുടങ്ങിയവയാണ് രണ്ട് നിറങ്ങളിലെ ചാക്കുകളിൽ സൂക്ഷിച്ചിരുന്നത്. പരിശോധനയിൽ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്പെക്ടർ രമേഷ് കുമാർ, എക്‌സൈസ് ഇന്‍റലിജൻസ് ആന്‍റ് ഇൻവസ്റ്റിഗേഷൻ ബ്യൂറോയിലെ അസിസ്റ്റന്‍റ് എക്‌സൈസ് ഇൻസ്പെക്ടർ ബിജുരാജ് പ്രിവന്‍റീവ് ഓഫീസർ ഷാജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനീഷ്, ലാൽ കൃഷ്ണ, വിനോദ് കുമാർ , പ്രസന്നൻ , അൽത്താഫ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.


