സുല്‍ത്താന്‍ബത്തേരിയില്‍ 16 വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കിയ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസ് സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങി ഇപ്പോഴും അടഞ്ഞുകിടക്കുന്നു. 54 മുറികളുള്ള ഈ ആധുനിക അതിഥി മന്ദിരം ഫയര്‍ഫോഴ്‌സ് എന്‍ഒസി ലഭിക്കാത്തതടക്കമുള്ള കാരണങ്ങളാല്‍ തുറക്കാനാവാത്ത അവസ്ഥയിലാണ്. 

സുല്‍ത്താന്‍ബത്തേരി: വയനാട്ടിലെ തന്നെ ഏറ്റവും വലിയ അതിഥി മന്ദിരമാകുമെന്ന് അധികാരികള്‍ അവകാശപ്പെട്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തില്‍ പതിനാറ് വര്‍ഷം പിന്നിടുമ്പോഴും പേരിന് പോലും ഒരു അതിഥിക്ക് കയറാനാകുന്നില്ല. നിലവില്‍ പണി മുഴുവന്‍ തീര്‍ന്ന് കിടക്കുകയാണെങ്കിലും സാങ്കേതി പ്രശ്‌നങ്ങളില്‍ കുടുങ്ങി പൂട്ടിക്കിടക്കുകയാണ് ഗസ്റ്റ് ഹൗസ്. ബത്തേരി നഗരത്തില്‍ നിന്നും തെല്ല് മാറി ചീരാല്‍ റോഡില്‍ പഴയ ഗസ്റ്റ് ഹൗസിനോട് ചേര്‍ന്ന് 54 മുറികള്‍ ഉള്‍പ്പെടുത്തി ആധുനിക അതിഥി മന്ദിരം പണി തുടങ്ങിയത് 2010-11 വര്‍ഷത്തിലാണ്.

ഇത് വരെ മൂന്ന് സര്‍ക്കാരുകള്‍ വന്നു പോയിട്ടും കെട്ടിടം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് അന്നത്തെ ടൂറിസം മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഗസ്റ്റ് ഹൗസിനുള്ള തറക്കല്ലിട്ടത്. പിന്നീട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഞ്ച് വര്‍ഷവും പിണറായി സര്‍ക്കാര്‍ 10 വര്‍ഷവും ഭരിച്ചു. ഇതിനിടെ രണ്ടാം പിണറായി സര്‍ക്കാരിലെ ടൂറിസം മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് ബത്തേരിയിലെ പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസ് ഉദ്ഘാടനം ചെയ്യാനെത്തിയെങ്കിലും ടൂറിസം ഗസ്റ്റ് ഹൗസ് എന്ന് തുറക്കുമെന്ന കാര്യം പറഞ്ഞിരുന്നില്ല.

റിവൈസ്ഡ് എസ്റ്റിമേറ്റ് കാരണം വീണ്ടും കെട്ടിടം തുറക്കാന്‍ താമസിച്ചു. ഒടുവില്‍ വര്‍ഷം പതിനാറ് പിന്നിടുകയാണ്. ഫയര്‍ഫോഴ്‌സിന്റെ എന്‍ഒസി പ്രശ്‌നമാണ് ഇപ്പോള്‍ തുറക്കാതിരിക്കുന്നതിന് കാരണമായി അധികാരികള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ എന്‍ഒസിയും കറണ്ടും ലഭിക്കാത്ത കെട്ടിടമായിരുന്നു മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പിന് മുമ്പ് ധൃതിപ്പെട്ട് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തത്. കെഎസ്ഇബിക്ക് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കല്‍ അടക്കമുള്ള ജോലികള്‍ വേറെയും തീര്‍ക്കാന്‍ ഉണ്ട്.

അനുമതി ലഭിക്കുന്ന മുറക്ക് ഉടന്‍ തുറന്നു നല്‍കാന്‍ പാകത്തില്‍ 25 മുറികള്‍ കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 54 മുറികള്‍ക്ക് പുറമെ വിശാലമായ ഹാളും ഭക്ഷണശാലയുമെല്ലാമുണ്ട് ഗസ്റ്റ് ഹൗസില്‍. അനുമതി കിട്ടേണ്ട താമസം മാത്രമാണ് ഉള്ളതെന്നും എന്‍ഒസി ലഭിക്കുന്ന സമയം തൊട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ബാക്കിയുള്ള 29 മുറികള്‍ കൂടി തുറന്ന് നല്‍കാന്‍ പാകത്തില്‍ പണികള്‍ എല്ലാം പൂര്‍ത്തികരിച്ചിട്ടുണ്ടെന്നാണ് ഗസ്റ്റ് ഹൗസിന്റെ ചുമതല വഹിക്കുന്നവര്‍ വ്യക്തമാക്കുന്നത്. പഴയ ഗസ്റ്റ് ഹൗസിലെ മുറികള്‍ കൂടി ചേര്‍ത്ത് 62 മുറികള്‍ അതിഥികള്‍ക്ക് നല്‍കി വരുമാനം കണ്ടെത്താന്‍ കഴിയുന്ന മറ്റൊരു ഗസ്റ്റ് ഹൗസ് ജില്ലയിലില്ല.