Asianet News MalayalamAsianet News Malayalam

പട്ടാള ക്യാമ്പിലേക്ക് വന്‍ ഭക്ഷണ ഓഡര്‍; ഹോട്ടലുടമ സന്തോഷിച്ചു, പക്ഷെ കെണിയായിരുന്നു.!

ഇയാള്‍ വാട്ട്സ്ആപ്പ് വഴി 100 പൊറോട്ടോയും ദോശയും, 30 മുട്ടക്കറി, 25 ചായ എന്നിവ പട്ടാള ക്യാമ്പില്‍ നവംബര്‍ 30ന് എത്തിക്കാനാണ് ഓഡര്‍ നല്‍കിയത്. ഇത് വിശ്വസിച്ച ഇബ്രാഹിം ഇതെല്ലാം തയ്യാറാക്കി ഇതേ നമ്പറില്‍ ബന്ധപ്പെട്ടു. 

fake food order to army camp new type phishing fraud through Whatsapp at mundakayam
Author
Mundakayam, First Published Dec 3, 2021, 8:56 AM IST

കോട്ടയം: മുണ്ടക്കയത്തെ ഹോട്ടല്‍  അറഫയുടെ ഉടമ ഇബ്രാംഹിം കുട്ടിയാണ് തട്ടിപ്പിന് ഇരയായത്. ഉണ്ടാക്കിയ ഭക്ഷണം നശിപ്പിക്കേണ്ടി വന്നെങ്കിലും വലിയ സാമ്പത്തിക തട്ടിപ്പില്‍ പെടാതെ രക്ഷപ്പെട്ട ആശ്വസത്തിലാണ് ഇദ്ദേഹം ഇപ്പോള്‍. മുണ്ടക്കയത്തെ (Mundakayam) പെരുവന്താനത്തെ അറഫ ഹോട്ടല്‍ ഉടമ ഇബ്രാഹിം കുട്ടിക്ക് നവംബര്‍ 29ന് വൈകീട്ടാണ് ഒരു ഫോണ്‍ കോള്‍ വന്നത്. ഹിന്ദിയും മലയാളവും കലര്‍ന്ന ഭാഷയിലായിരുന്നു എതിര്‍ഭാഗത്തെയാള്‍ സംസാരിച്ചത്.

അടുത്തുള്ള സിഐഎസ്എഫ് ക്യാമ്പിലേക്ക് ഭക്ഷണത്തിന് ഓഡര്‍ നല്‍കാനായിരുന്നു വിളി. മറ്റ് വിവരങ്ങള്‍ വാട്ട്സ്ആപ്പില്‍ അയക്കാം എന്നാണ് ഫോണ്‍ വിളിച്ചയാള്‍ അറിയിച്ചത്. പിന്നീട് വാട്ട്സ്ആപ്പില്‍ സന്ദേശം വന്നു പട്ടാളക്കാരനാണ് എന്ന് തെളിയിക്കുന്ന ഐഡി കാര്‍ഡാണ് ആദ്യം ഇട്ടത്. വിക്രം വാഗ്മറേ എന്നായിരുന്നു ആര്‍മി ലിക്കര്‍ കാര്‍ഡിലെ പേര്. 

ഇയാള്‍ വാട്ട്സ്ആപ്പ് വഴി 100 പൊറോട്ടോയും ദോശയും, 30 മുട്ടക്കറി, 25 ചായ എന്നിവ പട്ടാള ക്യാമ്പില്‍ നവംബര്‍ 30ന് എത്തിക്കാനാണ് ഓഡര്‍ നല്‍കിയത്. ഇത് വിശ്വസിച്ച ഇബ്രാഹിം ഇതെല്ലാം തയ്യാറാക്കി ഇതേ നമ്പറില്‍ ബന്ധപ്പെട്ടു. ഇതോടെ വിളിച്ചയാള്‍ പ്രതിഫലം നല്‍കാന്‍ എടിഎം കാര്‍ഡ് വിവരങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ സംശയം തോന്നിയ ഹോട്ടലുടമ ആ  വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായില്ല. ഇതോടെ ഇയാള്‍ ആവശ്യം മാറ്റി 1000 രൂപ അക്കൗണ്ടിലേക്ക് തരാമോ ഭക്ഷണ ബില്ലിനൊപ്പം മടക്കി നല്‍കാം എന്നായി.

ഇതോടെ തട്ടിപ്പ് മനസിലാക്കിയ ഇബ്രാംഹിം കുട്ടി ഫോണ്‍ കട്ട് ചെയ്തു. ഉണ്ടാക്കിയ ഭക്ഷണം പാഴായി പോയതിന് പിന്നാലെ ഇത് സംബന്ധിച്ച് ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കി. പൊലീസിന്‍റെ അന്വേഷണത്തില്‍ സ്ഥിരമായി ഇത്തരം തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യന്‍ സംഘമാണ് ഇതിന് പിന്നില്‍ എന്ന സൂചനയാണ് ലഭിച്ചത്. 

വിക്രം വാഗ്മറേ എന്ന പേരിലുള്ള ആര്‍മി ലിക്കര്‍ കാര്‍ഡ് വച്ച് 2018 മുതല്‍ വിവിധ തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പൊലീസ് പറയുന്നു. ആദ്യം ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടത്തിയ ഇത്തരം തട്ടിപ്പുകള്‍ അവിടെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് പ്രചരണം വ്യാപകമായതോടെ കേരളത്തിലേക്ക് മാറ്റിയെന്നാണ് പൊലീസ് കരുതുന്നത്.

Follow Us:
Download App:
  • android
  • ios