മത്സ്യത്തൊഴിലാളി സ്ത്രീകൾക്കും ലോട്ടറി കച്ചവടക്കാർക്കും കള്ളനോട്ട് നൽകി, ഇതര സംസ്ഥാന തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം: അതിഥി തൊഴിലാളിയുടെ വാടകവീട്ടിൽ നിന്നും കള്ളനോട്ട് കണ്ടെടുത്ത് പൊലീസ്. തിരുവനന്തപുരം കഴക്കൂട്ടം കരിയിൽ താമസിക്കുന്ന കെട്ടിടനിർമാണ തൊഴിലാളി അസം സ്വദേശിയായ പ്രേംകുമാർ ബിസ്വാസ്(26) ആണ് പിടിയിലായത്. അഞ്ഞൂറ് രൂപയുടെ അറുപതോളം നോട്ടുകളാണ് ഇയാളുടെ വീട്ടിൽ നിന്നും കഴക്കൂട്ടം പൊലീസ് കണ്ടെടുത്തത്. നാട്ടുകാർ നൽകിയ രഹസ്യവിവരത്തിലാണ് ഇയാളെ ചോദ്യം ചെയ്തത്.
കൈയ്യിലുണ്ടായിരുന്ന ആറ് നോട്ടുകൾ കണ്ടെത്തിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വീട്ടിലെ ബാഗിൽ നിന്നും കൂടുതൽ നോട്ടുകൾ കണ്ടെത്തിയത്. കള്ളനോട്ടുകൾ വൃദ്ധരായ മത്സ്യത്തൊഴിലാളി സ്ത്രീകൾക്കും ലോട്ടറി കച്ചവടക്കാർക്കുമാണ് ചെലവഴിച്ചതെന്ന് പൊലീസ് പറഞ്ഞു.
കള്ളനോട്ടുകൾ ആസാമിലുള്ള ഒരു അകന്ന ബന്ധു നൽകിയെന്നാണ് ഇയാൾ പറയുന്നത്. 29,000 രൂപയാണ് ഇപ്പോൾ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾക്കായി പ്രതിയെ ചോദ്യം ചെയ്തു വരികയാണ്. പ്രതിയെ തുടരന്വേഷണങ്ങൾക്കായി ക്രൈം ബ്രാഞ്ചിനു കൈമാറുമെന്നും പൊലീസ് അറിയിച്ചു.


