തലസ്ഥാനത്ത് പൊലീസ് എന്ന് തെറ്റിദ്ധരിപ്പിച്ച് ലോട്ടറി വിൽപ്പനക്കാരെ കബളിപ്പിച്ച് പണം തട്ടി. തിരുത്തിയ ടിക്കറ്റ് നൽകിയാണ് കല്ലമ്പലം സ്വദേശികളിൽ നിന്ന് പണം തട്ടിയെടുത്തത്.
തിരുവനന്തപുരം: തലസ്ഥാനത്ത് തിരുത്തിയ ലോട്ടറി നൽകി ലോട്ടറി വിൽപ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി. കല്ലമ്പലത്തും പോങ്ങനാടുമാണ് ലോട്ടറി തട്ടിപ്പ് നടന്നതായി പരാതി വന്നത്. കല്ലമ്പലം സ്വദേശികളായ ദിലീപ്, അനിലാൽ എന്നിവരാണ് തട്ടിപ്പിനിരയായത്. ഇവരിൽ നിന്ന് 5000 രൂപ വീതമാണ് തട്ടിയെടുത്തത്. സാൻട്രാേ കാറിൽ പൊലീസ് എന്ന വ്യാജേനയെത്തിയ ഒരാളാണ് ലോട്ടറി അടിച്ചു എന്നു പറഞ്ഞ് തിരുത്തൽ വരുത്തിയ ടിക്കറ്റ് നൽകി പണം വാങ്ങിയതെന്ന് ഇരുവരും പറഞ്ഞു.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് രണ്ടിടങ്ങളിലും വ്യാജ ടിക്കറ്റ് നൽകി പണം തട്ടിയെടുത്തത്. രണ്ട് പേരിൽ നിന്നും പണം തട്ടിയത് ഒരാളാണെന്നാണ് സംശയം. അനിലാൽ കല്ലമ്പലം പൊലീസിലും, ദിലീപ് കിളിമാനൂർ സ്റ്റേഷനിലും പരാതി നൽകി. 5000 രൂപ അടിച്ച ടിക്കറ്റ് കാണിച്ച് പാതി തുകയും പാതി തുകയ്ക്ക് ലോട്ടറി ടിക്കറ്റുകളും വാങ്ങിയാണ് രണ്ട് സംഭവങ്ങളിലും പ്രതി മുങ്ങിയത്. മൊബൈൽ ഫോണിൽ സ്കാൻ ചെയ്ത് നോക്കാമെങ്കിലും ഇരുവർക്കും സ്മാർട്ട് ഫോൺ ഇല്ലെന്നത് തിരിച്ചടിയായി. പൊലീസ് എന്ന് പറഞ്ഞതോടെ കൂടുതൽ പരിശോധന നടത്തിയില്ലെന്നും ഇവർ പറയുന്നു. പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.


