പ്രദേശത്തെ ഗ്രൗണ്ടിലൂടെ പുലി നടന്നു പോകുന്നതായിരുന്നു വീഡിയോയിൽ കണ്ടിരുന്നത്.
കഴിഞ്ഞ ദിവസമാണ് തൃശൂർ ജില്ലയിലെ മുണ്ടത്തിക്കോടിലെ ഇളവള്ളി പഞ്ചായത്തിലെ വാകയിൽ പുലിയിറങ്ങി എന്ന സന്ദേശത്തോടെ വീഡിയോ പ്രചരിച്ചത്. ശരിക്കും പുലിയെന്ന് തോന്നിക്കുന്ന വീഡിയോ പുറത്തായതോടെ നാട്ടുകാർ ആകെ ആശങ്കയിലായിരുന്നു. പ്രദേശത്തെ ഗ്രൗണ്ടിലൂടെ പുലി നടന്നു പോകുന്നതായിരുന്നു വീഡിയോയിൽ കണ്ടിരുന്നത്. എന്നാൽ, വീഡിയോയിൽ ഉള്ളത് പുലിയല്ല കാട്ടുപൂച്ചയാണെന്ന സ്ഥിരീകരിച്ചു. മാർച്ച് 13ന് വൈകിട്ട് ആണ് പ്രദേശത്തെ ഗ്രൗണ്ടിലൂടെ കാട്ടുപൂച്ച നടന്നു പോകുന്ന ദൃശ്യം എടുത്തത്.
കുട്ടികളാണ് വീഡിയോ എടുത്തത്. വീഡിയോ എടുത്ത് വാട്സ് ആപ്പിൽ പ്രചരിപ്പിച്ചപ്പോൾ തമാശക്കായാണ് പുലി എന്ന് പറഞ്ഞത്. എന്നാൽ, കാര്യങ്ങൾ കൈവിടുകയായിരുന്നു. വീഡിയോ കണ്ടതിൽ ഏറെപ്പേരും സാധനം പുലി തന്നെയാണെന്ന് ധരിച്ചു. തന്റെ വാർഡിൽ ഉള്ള കുട്ടികളാണെന്ന് വാക മെമ്പർ രാജി അറിയിച്ചു.
അതേസമയം, വടക്കാഞ്ചേരി പുലിക്കുന്നത്ത് പുലി ഇറങ്ങി. അയ്യങ്കേരി സ്വദേശി അലക്സിന്‍റെ വീട്ടിലെ പട്ടിക്കൂടിന് സമീപമാണ് പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി പരിശോധന നടത്തി. നാളെ പുലിയെ കണ്ട പ്രദേശത്ത് ക്യാമറ സ്ഥാപിക്കും. രണ്ടാഴ്ച മുമ്പ് ഒരു വളർത്തുനായയെ പുലി കടിച്ച് കൊന്നിരുന്നു.
അതേസമയം വയനാട് തോൽപ്പെട്ടിയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. ബേഗൂർ റേഞ്ചിൽ ഇരുമ്പ് പാലത്തിനടുത്ത് റോഡരികിലാണ് പുലിയ വനപാലകർ ചത്ത നിലയിൽ കണ്ടത്. നാല് വയസ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് ചത്തത്. വയനാട് വൈൽഡ് ലൈഫ് വാർഡൻ സ്ഥലത്ത് എത്തി പരിശോധന നടത്തി. ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് മാറ്റിയ പുലിയുടെ ജഡം പോസ്റ്റ്മോർട്ടം ചെയ്തു. ആന്തരിക മുറിവുകൾ കണ്ടെത്തി. മരത്തിൽ നിന്ന് തലയിടിച്ച് വീണതോ കാട്ടിൽ നിന്ന് ആനയുടെ അടിയേറ്റതോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. വെറ്റിനറി സർജൻ ഡോ. അജേഷിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്.
