രക്ഷപ്പെടുന്നതിനിടെ നിരവധി വാഹനങ്ങളില്‍ ഇടിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിച്ചു.
കോഴിക്കോട്: റോഡരികില്‍ നിര്‍ത്തിയിട്ട ജീപ്പുമായി കടന്നു കളഞ്ഞ യുവാവ് കോഴിക്കോട് കൊടുവള്ളിയില്‍ പിടിയില്‍. മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബാണ് പിടിയിലായത്. രക്ഷപ്പെടുന്നതിനിടെ നിരവധി വാഹനങ്ങളില്‍ ഇടിച്ച പ്രതിയെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
താമരശ്ശേരി കൈതപ്പൊയിലില്‍ വെച്ചാണ് റോഡരികിൽ നിർത്തിയിട്ട് വാഹനവുമായി മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുനീബ് കടന്നുകളഞ്ഞത്. താക്കോല്‍ വാഹനത്തില്‍ വെച്ച് തുണിക്കടയിലേക്ക് കയറിയതായിരുന്നു ഉടമസ്ഥനായ അടിവാരം സ്വദേശി സൗഫീഖും കുടുംബവും. ഈ തക്കത്തിനാണ് മുനീബ് ജീപ്പില്‍ കയറി താമരശ്ശേരി ഭാഗത്തേക്ക് കുതിച്ചത്.
ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് ഈങ്ങാപ്പുഴയിലും താമരശ്ശേരിയിലും ആളുകൾ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടയില്‍ നിരവധി ഇരുചക്ര വാഹനങ്ങളില്‍ ഇടിച്ചു. കൊടുവള്ളി ബസ്സ്റ്റാന്‍റിന് മുന്നിൽ വെച്ച് കാറിൽ ഇടിച്ചതോടെ നാട്ടുകാര്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരന്നു.
നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ മുനീബെന്ന് പൊലീസ് അറിയിച്ചു. രക്ഷപ്പെടുന്നതിനിടെ വാഹനങ്ങളില്‍ ഇടിച്ചതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍ വരുന്നുണ്ട്.


