തെന്മല: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ ആളുകളെല്ലാം മുഴുവൻ സമയവും വീടുകളിൽ തന്നെ കഴിയുകയാണ്. ഈ സമയങ്ങളിൽ പലതരത്തിലുള്ള വിനോദങ്ങളിലും മറ്റ് പ്രവൃത്തികളിലും ഏർപ്പെടുകയാണ് ജനങ്ങൾ. അത്തരത്തിലുള്ള നിരവധി വാർത്തകൾ പുറത്തുവന്നിട്ടുമുണ്ട്. എന്നാൽ, ഇവയിൽ നിന്നെല്ലാം വ്യത്യസ്ഥമായി തങ്ങളുടെ കിണറെന്ന സ്വപ്നം യാഥാർത്ഥ്യം ആക്കിയിരിക്കുകയാണ് തെന്മലയിലെ ഒരു കുടുംബം.

ആര്യങ്കാവ് പഞ്ചായത്തിലെ രാജചോലയിൽ ചരുപറമ്പിൽ കിഴക്കതിൽ സതീഷും കുടുംബവുമാണ് ലോക്ക്ഡൗണിൽ വറ്റാത്ത നീരുറവ യാഥാർത്ഥ്യമാക്കിയത്. 28 അടി ആഴത്തിലാണ് ഇവർ കിണർ കുഴിച്ചത്. വേനൽ കാലത്ത് ജലക്ഷാമത്താൽ ബുദ്ധിമുട്ടിയിരുന്ന സതീഷിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു കിണർ. പണം മുടക്കി കിണർ കുഴിച്ചാൽ വെള്ളം കണ്ടില്ലെങ്കിൽ സാമ്പത്തിക ബാധ്യതയാകുമെന്ന് ഭയന്ന് സതീഷ് ഇത്രയും കാലം മാറി നിൽക്കുകയായിരുന്നു.

അങ്ങനെയാണ് ലോക്ക്ഡൗണിൽ എല്ലാവരും വീടുകളിൽ കഴിയേണ്ട സ്ഥിതി വന്നത്. ഇതോടെ കിണർ കുഴിക്കാൻ സതീഷ് തീരുമാനിക്കുകയായിരുന്നു. ഭാര്യ ശ്യാമള, മക്കളായ അനീഷ്, അനൂപ് എന്നിവരും പൂർണ പിൻതുണ നൽകി. രാപ്പകലില്ലാതെ ഒരേ മനസ്സോടെ പരിശ്രമിച്ചപ്പോൾ 28 അടി താഴ്ചയിൽ നിന്ന് ശുദ്ധജലം സതീഷിന്റെ കിണറിലെത്തി. സാമ്പത്തിക മുടക്കില്ലാതെ ശുദ്ധജലം ലഭിച്ചതിന്റെ സന്തോഷത്തിലാണ് സതീഷും കുടുംബവും.