അജാനൂര്‍ കൊളവയലിലെ ചീരക്കൃഷിക്കാണ് ഡ്രോൺ ഉപയോഗിച്ച് ജൈവവളം തളിച്ചത്.
കാസർഗോഡ്: കൃഷിയ്ക്ക് ജൈവവളം തളിക്കാന്‍ ഇനി ഡ്രോണുകളും. കാഞ്ഞങ്ങാട് കൊളവയലില്‍ ചീരക്കൃഷിക്കാണ് ഡ്രോണ്‍ ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ വളപ്രയോഗം നടത്തിയത്. സിപിസിആര്‍ഐയുടെ നേതൃത്വത്തിലായിരുന്നു പരീക്ഷണ പരിപാടി.
അജാനൂര്‍ കൊളവയലിലെ ചീരപ്പാടത്താണ് ഡ്രോൺ ഉപയോഗിച്ച് ജൈവവളം തളിച്ചത്. ചെഞ്ചീരയ്ക്ക് വളമിടാനായാണ് ഡ്രോണ്‍ പറന്നെത്തിയത്. പുതിയ സാങ്കേതിക വിദ്യയിലൂടെ ജൈവ വളം ചീരയിലേക്ക് തളിച്ചു. വെര്‍മിവാഷാണ് പാടത്ത് തളിച്ചത്. സെന്‍ട്രല്‍ പാന്‍റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അഥവാ സിപിസിആര്‍ഐ ശാസ്ത്രജ്ഞരാണ് പരീക്ഷണത്തിന് പിന്നില്‍ പ്രവർത്തിച്ചത്. കര്‍ഷകരില്‍ പുതിയ സാങ്കേതിക വിദ്യ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരീക്ഷണം. ചെടിയില്‍ നിന്ന് ഒരു മീറ്റര്‍ മുതല്‍ രണ്ട് മീറ്റര്‍ വരെ ഉയരത്തില്‍ ഡ്രോണ്‍ പറത്തിയാണ് തളിക്കുന്നത്. ഒരേക്കര്‍ സ്ഥലത്ത് ആറ് മുതല്‍ പത്ത് മിനിറ്റിനുള്ളില്‍ ഡ്രോണ്‍ പറത്തി വളമിടാനാകും. ഉയര്‍ന്ന മര്‍ദ്ദത്തില്‍ സൂക്ഷ്മ കണികകളായി തളിക്കുന്നതിനാല്‍ വളത്തിന്‍റെ അളവും കുറയ്ക്കാം.
തൊഴിലാളികളുടെ ലഭ്യത കുറവും വളത്തിന്റെ അളവ് കൂടുന്നതും നിയന്ത്രിക്കാനായി സ്പ്രേ ടെക്നോളജി പ്രയോജനപ്പെടുത്താമെന്ന് സിപിസിആര്‍ഐ ശാസ്ത്രജ്ഞന്‍ ബെഞ്ചമിന്‍ മാത്യു പറഞ്ഞു. മരുന്ന് സ്പ്രേ എന്നുള്ള രീതിയിലേയ്ക്ക് എത്തിയിട്ടില്ലെന്നും എന്നാൽ വളക്കൂട്ടുകളും സൂക്ഷ്മ വളങ്ങളും സ്പ്രേ ചെയ്യാനുള്ള സംവിധാനമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

READ MORE: അക്രഡിറ്റേഷന് കൈക്കൂലി; നാക് ഇൻസ്പെക്ഷൻ കമ്മിറ്റി ചെയർമാനെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് സിബിഐ
