മാല മോഷ്ടിച്ച് ക‍ടന്നുകളയാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ പൊലീസ് എത്തിയതോടെ സിനിമയെ വെല്ലുന്ന രംഗങ്ങളാണ് അരങ്ങേറിയത്. 

ആലപ്പുഴ: അടിപിടി നടക്കുന്നതിനിടെ സ്വർണമാല പൊട്ടി നിലത്തുവീണു. മാല മോഷ്ടിച്ചെന്ന് ഉടമ പൊലീസിൽ പരാതി നൽകിയതോടെ പ്രതി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പിന്നീട് ബസിൽ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പ്രതിയെ പൊലീസ് പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് നികർത്തിൽ ബിനു ജയചന്ദ്രൻ (30) ആണ് പിടിയിലായത്. 

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസമാണ് അയൽവാസിയും സുഹൃത്തുമായ രജീഷും ബിനുവും തമ്മിൽ നേതാജി സരിഗ വായനശാലയ്ക്ക് സമീപം വെച്ച് അടിപിടി ഉണ്ടായത്. രജീഷിന്റെ മാലയാണ് അടിപിടിക്കിടെ പൊട്ടിവീണത്. തുടർന്ന് മാല മോഷ്ടിച്ചെന്നാരോപിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട ബിനു കെഎസ്ഡിപിക്ക് സമീപത്ത് നിന്ന് സ്വകാര്യ ബസിൽ കയറിപ്പോകുന്നത് മണ്ണഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ ഉല്ലാസ് കണ്ടു. തുടർന്ന് ഉല്ലാസും ബിനു കയറിയ ബസിൽ ഓടിക്കയറി. 

ബിനു ഇരുന്ന സീറ്റിൽ ഉല്ലാസും സ്ഥാനം പിടിച്ചു. താൻ കെണിയിലായെന്ന് മനസിലാക്കിയ ബിനു യാത്രയ്ക്കിടെ ബസിന്റെ ജനാലവഴി പുറത്തേക്ക് ചാടി രക്ഷപ്പെടാൻ ശ്രമം നടത്തി. ബിനുവിനെ കടന്നുപിടിച്ച ഉല്ലാസ് യാത്രക്കാരുടെ സഹായത്തോടെ ബിനുവിനെ കീഴ്പെടുത്തുകയായിരുന്നു. ബിനുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി എസ്എച്ച്ഒ ടോൾസൺ പി ജോസഫ് പറഞ്ഞു. നിരവധി കേസുകള്‍ പ്രതിയാണ് ബിനു.