തിരുവനന്തപുരം ആറ്റിങ്ങലിൽ ഗ്രാഫിക്സ് സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരു കോടിയോളം നഷ്ടം. കച്ചേരി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന 'കൂൾമേറ്റ് ഗ്രാഫിക്സ്' എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഫയർ ഫോഴ്സിൻ്റെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തിരുവനന്തപുരം: ആറ്റിങ്ങൽ കച്ചേരി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന 'കൂൾമേറ്റ് ഗ്രാഫിക്സ്' എന്ന സ്ഥാപനത്തിൽ വൻ തീപിടിത്തം. അപകടത്തിൽ സ്ഥാപനം പൂർണമായും കത്തിനശിച്ചു. ഇന്ന് പുലർച്ചെ നാല് മണിക്ക് ശേഷമായിരുന്നു സംഭവം.
സ്ഥാപനത്തിൽനിന്ന് പുക ഉയരുന്നത് കണ്ട സമീപം വഴി കടന്നുപോയവരാണ് ഫയർ ഫോഴ്സിൽ വിവരം അറിയിച്ചത്.ഉടൻ തന്നെ യൂണിറ്റ് എത്തിയെങ്കിലും സ്ഥാപനത്തിനുളളിലെ സാധനങ്ങൾ കത്തിയമർന്നിരുന്നു. ഒരു കോടിയോളം രൂപ വിലമതിക്കുന്ന ഉപകരണങ്ങളും സാധനങ്ങളാണ് കത്തിയതെന്ന് ഉടമ പറയുന്നു.
ആറ്റിങ്ങൽ ഫയർ ഫോഴ്സിൻ്റെ ഒരു യൂണിറ്റ് വാഹനം സംഭവസ്ഥലത്തെത്തി നടത്തിയ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾക്കൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്. ഫയർ ഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ കാരണം സമീപത്തെ മറ്റ് കടകളിലേക്കും വീടുകളിലേക്കും തീ പടരുന്നത് ഒഴിവാക്കാൻ സാധിച്ചു.
കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന ഫ്ലെക്സ് പ്രിന്റിങ് മെഷീനുകൾ, ബോർഡ് മേക്കിങ് യൂണിറ്റുകൾ, യുപിഎസ്, കമ്പ്യൂട്ടറുകൾ, സ്റ്റിക്കർ കട്ടിങ് ഡിജിറ്റൽ പ്രിന്റിംഗ് യൂണിറ്റ്, ഇൻവെർട്ടർ എന്നിവ പൂർണ്ണമായും കത്തിനശിച്ചു. കെട്ടിടത്തിനുള്ളിൽ പാർക്ക് ചെയ്തിരുന്ന മാരുതി ഈക്കോ വാഹനത്തിന് കടുത്ത ചൂടേറ്റ് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
മഴയ്ക്കിടയിലും തീപിടിത്തമുണ്ടായതിൻ്റെ കാരണം വ്യക്തമല്ലെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. യുപിഎസ്, ബാറ്ററി സംവിധാനം ഉൾപ്പടെ ഉണ്ടായിരുന്നതിനാൽ ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.


