അടുക്കളയിലെ ജീവനക്കാർ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി ഓടി. പ്രദേശമാകെ പുകയുയർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.

തിരുവനന്തപുരം: നെടുമങ്ങാട് വാളിക്കോട് ഹോട്ടലിൽ തീപിടിത്തം. അൽഫാം ഉണ്ടാക്കുന്ന അടുപ്പിൽ നിന്ന് ചിമ്മിനിയിലേക്ക് തീ പടർന്നതാണ് പ്രദേശത്ത് പരിഭ്രാന്തി പരത്തിയത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. സംസം ഹോട്ടലിലെ അൽഫാം ഗ്രില്ലിങ് അടുപ്പിൽ നിന്നുയർന്ന തീ ചിമ്മിനിയിലൂടെ മുകളിലേക്ക് പടരുകയായിരുന്നു. അടുക്കളയിലെ ജീവനക്കാർ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി ഓടി. പ്രദേശമാകെ പുകയുയർന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. വിവരമറിഞ്ഞയുടൻ നെടുമങ്ങാട് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്തെത്തി. ഹോട്ടലിന്‍റെ മുന്നിൽ നിന്നും വെള്ളം പമ്പ് ചെയ്യാനായതോടെ തീപടരുന്നത് തടയാനായി. തക്ക സമയത്ത് ഫയർഫോഴ്സ് എത്തി തീയണച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ആർക്കും പരിക്കുകളോ മറ്റ് ആളപായമോ ഇല്ല.