കുളത്തിലേക്ക് ഒന്നിച്ച് ചാടുന്നതിന്‍റെ വീഡിയോ എടുക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു ലക്ഷം രൂപയോളം വിലയുള്ള ഐ ഫോണ്‍ ആണ് കുളത്തില്‍ വീണത്. 

മലപ്പുറം: ചിന്താവിഷ്ടയായ ശ്യാമള എന്ന ശ്രീനിവാസന്‍ ചിത്രത്തിലെ ഒരു രംഗത്തിനോട് സാമ്യമുള്ള സംഭവങ്ങളാണ് ഇന്നലെ മലപ്പുറം കിഴിശ്ശേരിയില്‍ നടന്നത്. നായിക കുളത്തില്‍ ചാടുമ്പോള്‍ ക്യാമറ ഒപ്പം ചാടട്ടേ എന്ന റീലിലെ തമാശ രംഗത്തിലേത് പോലെയുള്ള റിയല്‍ സംഭവത്തില്‍ പക്ഷേ നായകരായത് അഗ്നി രക്ഷാസേനയാണെന്ന് മാത്രം. കുളത്തിലേക്ക് ഒന്നിച്ച് ചാടുന്നതിന്‍റെ വീഡിയോ എടുക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു ലക്ഷം രൂപയോളം വിലയുള്ള ഐ ഫോണ്‍ ആണ് കുളത്തില്‍ വീണത്. 

കിഴിശ്ശേരി നീരുട്ടിക്കൽ തീയ പള്ളിയാളിയിയിലെ അർഷലിന്റെ ഒരു ലക്ഷം രൂപ വിലവരുന്ന ഐ ഫോണാണ് 20 അടിയോളം ആഴമുള്ള കുളത്തില്‍ പോയത്.. സുഹൃത്തുക്കൾ ഏറെ നേരം തെരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഇതോടെയാണ് മഞ്ചേരി അഗ്നിരക്ഷാ നിലയത്തിലേക്ക് വിവരമറിയിച്ചത്. ഉടൻ ഗ്രേഡ് അസി. ഓഫീസർ അബ്ദുൽ കരീമിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സംഘം കുതിച്ചെത്തി. ഇതോടെ ആളുകൾ കൂടി, ആരോ വെള്ളത്തിൽ പോയെന്ന ധാരണയിൽ ജനങ്ങൾ തടിച്ചുകൂടി. 

ഐ ഫോൺ കണ്ടെത്താനാണ് അഗ്നിരക്ഷാ സേനയെത്തിയതതെന്ന് അറിഞ്ഞതോടെയാണ് നാട്ടുകാർക്ക് കൌതുമായി. സ്‌കൂബ ഡൈവിംഗ് ഉപകരണങ്ങൾ ധരിച്ച് വെള്ളത്തിൽ മുങ്ങിയാണ് ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ കെ പ്രജിത്ത്, കെ സഞ്ജു, അബ്ദുൽ സത്താർ എന്നിവർ ഫോൺ കണ്ടെത്തിയത്. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊുടുവിലാണ് ഫോൺ കിട്ടിയത്. 

നേരത്തെ മെയ് മാസം അവസാന വാരത്തിലും പെരിന്തൽമണ്ണ അങ്ങാടിപ്പുറത്ത് സമാന സംഭവമുണ്ടായിരുന്നു. ഏറാംതോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിലേക്ക് യുവാവിന്‍റെ ഫോണ്‍ വീണുപോവുകയായിരുന്നു. അടിഭാഗത്ത് ചളി നിറഞ്ഞ നിലയിലുള്ള എട്ട് മീറ്ററോളം ആഴമുള്ള കുളത്തില്‍ നിന്ന് അഗ്നിരക്ഷാ സേനയാണ് ഐ ഫോണ്‍ മുങ്ങിയെടുത്തത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിന് ശേഷമായിരുന്നു ഫോണ്‍ കണ്ടെത്തിയത്.

ക്ഷേത്രക്കുളത്തില്‍ ഐ ഫോണ്‍ വീണു, തെരച്ചിലിനെത്തി അഗ്നിരക്ഷാ സേന; ഒടുവില്‍ ആശ്വാസം


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

YouTube video player