കൊല്ലം ശക്തികുളങ്ങരയിൽ അടഞ്ഞുകിടന്ന ഹോൾസെയിൽ മത്സ്യവിൽപന കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ 42കാരൻ അറസ്റ്റിൽ. കടയിൽ നിന്ന് ഏകദേശം 80,000 രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച പള്ളിത്തോട്ടം സ്വദേശി സിയാദിനെയാണ് ശക്തികുളങ്ങര പോലീസ് പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. 

കൊല്ലം : ഹോൾസെയിൽ മത്സ്യവിൽപന കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ 42കാരൻ അറസ്റ്റിൽ. പള്ളിത്തോട്ടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ താമസിക്കുന്ന സിയാദ് ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര ആൽത്തറമൂട്ടിൽ പ്രവർത്തിച്ചുവന്ന ആലാട്ടുകാവ് നഗർ 27-ൽ ബിജുവിന്റെ ഉടമസ്ഥതയിലുള്ള കടയിലായിരുന്നു മോഷണം. കഴിഞ്ഞ കുറച്ച് നാളുകളായി അടഞ്ഞുകിടക്കുകയായിരുന്ന കടയുടെ ഷീറ്റ് മുറിച്ചകത്തുകയറിയ പ്രതി, കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വയറിംഗ് കേബിളുകൾ, സീലിംഗ് ഫാൻ, ടേബിൾ ഫാൻ, അലുമിനിയം ചരുവങ്ങൾ, സ്റ്റീൽ പാത്രങ്ങൾ എന്നിവ മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുകയായിരുന്നു. ഏകദേശം 80,000 രൂപയുടെ മുതലാണ് കവർന്നത്. ബിജുവിന്റെ പരാതിയിൽ ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ശക്തികുളങ്ങര ഇൻസ്‌പെക്ടർ പ്രസാദിന്റെ നേതൃത്വത്തിൽ എസ്. ഐ റസൽ ജോർജ്, എസ്.സി.പി.ഒ അഖിൽ രാജ്, സി.പി.ഒമാരായ മനു, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred