റോഡരികില്‍ കാണുന്ന ക്ഷേത്രങ്ങളില്‍ കയറി ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് പണം മോഷ്ടിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ മാവൂര്‍, കുന്ദമംഗലം, പന്തീരാങ്കാവ്, എലത്തൂര്‍, ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ക്ഷേത്രങ്ങളില്‍ റിയാസ് കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ്

കോഴിക്കോട്: നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തി പണവുമായി മുങ്ങിയ മോഷ്ടാവിനെ ഒടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പൂവാട്ടുപറമ്പ് മുണ്ടക്കല്‍ സ്വദേശിയായ ആലോറമീത്തല്‍ നടുക്കണ്ടി പുറായില്‍ റിയാസി(41) നെയാണ് മാവൂര്‍ പൊലീസ് പിടികൂടിയത്. മാവൂര്‍ ചെറൂപ്പയിലെ ഇടിക്കോട്ട് അയ്യപ്പന്‍കാവില്‍ കവര്‍ച്ച നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സമാന രീതിയില്‍ ഇയാള്‍ നിരവധി ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് വിശദമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാത്രിയാകുമ്പോള്‍ ബൈക്കുമെടുത്ത് വിവിധ പ്രദേശങ്ങളില്‍ കറങ്ങുന്നതാണ് ഇയാളുടെ രീതി. സമയവും സാഹചര്യവും ഒത്തുവരുമ്പോള്‍ റോഡരികില്‍ കാണുന്ന ക്ഷേത്രങ്ങളില്‍ കയറി ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്ത് പണം മോഷ്ടിക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ മാവൂര്‍, കുന്ദമംഗലം, പന്തീരാങ്കാവ്, എലത്തൂര്‍, ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളിലെ ക്ഷേത്രങ്ങളില്‍ റിയാസ് കവര്‍ച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസിന് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ 26ാം തിയ്യതി രാത്രിയിലാണ് ഇടിക്കോട്ട് അയ്യപ്പന്‍കാവിന്റെ മുറ്റത്തെ രണ്ട് ഭണ്ഡാരങ്ങളുടെ പൂട്ട് തകര്‍ത്തത്. എന്നാല്‍ പണം എടുക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് തുടര്‍ന്ന് റോഡരികിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകര്‍ത്ത് 5000ത്തോളം രൂപയുമായി കടന്നുകളഞ്ഞു. ക്ഷേത്ര കമ്മിറ്റിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ്, പരിസര പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒരു ബൈക്കും അതില്‍ സൂക്ഷിച്ച നിലയില്‍ പണവും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നൂറോളം സിസിടിവി ദൃശ്യങ്ങളും ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പൂവാട്ടുപറമ്പ് മുണ്ടക്കലില്‍ വെച്ച് റിയാസിനെ പിടികൂടിയത്.

റെയിന്‍ കോട്ടും ഹെല്‍മറ്റും ധരിച്ചാണ് മോഷണത്തിന് എത്തിയിരുന്നത്. മോഷണം നടത്തേണ്ട ക്ഷേത്രങ്ങളില്‍ നിന്നും അല്‍പം മാറി ബൈക്ക് പാര്‍ക്ക് ചെയ്യു. മോഷണം നടത്തിയ ശേഷം ഈ ബൈക്കുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. മാവൂര്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീഖ്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ വി.എം രമേശ്, ശിവാനന്ദന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രമോദ്, രജീഷ്, കൃഷ്ണന്‍കുട്ടി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ദീപക്ക്, വിനീത്, ശ്രീജിത്ത്, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് റിയാസിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം