നിയമം ലംഘിച്ച് മീൻപിടിത്തം നടത്തിയ രണ്ട് ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടി. നിയമലംഘനത്തിന് ബോട്ടുകൾക്ക് ലക്ഷങ്ങൾ പിഴ ചുമത്തുകയും ബോട്ടിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്ത് സർക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തു.
എറണാകുളം: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് മീൻപിടിത്തം നടത്തിയ ബോട്ടുകൾ പിടിച്ചെടുത്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമം മൂലം നിരോധിച്ച കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിക്കുകയും, ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ അനധികൃത മത്സ്യബന്ധനം നടത്തുകയും ചെയ്ത രണ്ട് ബോട്ടുകളാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘം പിടികൂടിയത്. എറണാകുളം ജില്ലയിലെ മുനമ്പം സ്വദേശി ശശി എന്ന മോഹൻലാൽ എന്നയാളുടെയും എറണാകുളം ജില്ലയിൽ കുഞ്ഞിത്തൈ വലിയാറ വീട്ടിൽ ചാർളി മെൻഡസ് എന്നയാളുടെയും ഉടമസ്ഥതയിലുള്ള ട്രൈടൺ, എലോഹികാ എന്നീ ബോട്ടുകളാണ് കമ്പനിക്കടവ് ഫിഷ് ലാന്റിങ്ങ് സെന്ററിന് സമീപത്ത് നിന്നും അനധികൃതമായി കരവലി നടത്തിയതിന് പിടിച്ചത്.
ആകെ ഏഴര ലക്ഷം പിഴ
പിടിച്ചെടുത്ത ബോട്ടുകളുടെ നിയമ നടപടികൾ പൂർത്തിയാക്കി ട്രൈട്രോൺ ബോട്ടിന് 2.5 ലക്ഷം രൂപയും എലോഹികാ ബോട്ടിന് അഞ്ച് ലക്ഷം രൂപയും പിഴ ഈടാക്കുകയും ബോട്ടിലുണ്ടായിരുന്ന മത്സ്യം പരസ്യ ലേലം ചെയ്ത് ലഭിച്ച 3,42,500 രൂപ സർക്കാരിലേക്ക് കണ്ടുകെട്ടുകയും ചെയ്തു. എലോഹികാ ബോട്ട് കരവലി നടത്തിയതിന് രണ്ടാം തവണയാണ് പിടി വീഴുന്നുന്നത്.
ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി ഗ്രേസ്സി, എഫ്.ഇ.ഒ. അശ്വിൻ രാജ്, മെക്കാനിക്ക്മാരായ കൃഷ്ണകുമാർ, മനോജ്, മറൈൻ എൻഫോഴ്സ്മെൻ്റ് ആൻ്റ് വിജിലൻസ് വിഭാഗം ഓഫീസർമാരായ വി.എൻ പ്രശാന്ത്കുമാർ, വി.എം ഷൈബു, ഇ.ആർ ഷിനിൽകുമാർ, റെസ്‌ക്യൂ ഗാർഡ് വർഗ്ഗീസ് ജിഫിൻ, വിബിൻ, യാദവ് എന്നിവർ അടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും അനധികൃത മത്സ്യ ബന്ധനം നടത്തുന്ന യാനങ്ങള്‍ക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും തൃശൂർ ജില്ലാ ഷിഷറീസ് ഡെപ്യുട്ടി ഡയറക്ടർ ഡോ സി. സീമ അറിയിച്ചു.


