ഇന്നലെ പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വള്ളം എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങുകയായിരുന്നു.

തൃശൂര്‍: അഴീക്കോടുനിന്ന് മീന്‍ പിടിക്കാന്‍ പോയി കടലില്‍ കുടുങ്ങിയ വള്ളത്തിലെ തൊഴിലാളികളെ ഫിഷറീസ് റെസ്‌ക്യു ബോട്ട് രക്ഷപ്പെടുത്തി കരയിലെത്തിച്ചു. ഇന്നലെ പുലര്‍ച്ചെ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളുടെ വള്ളം എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങുകയായിരുന്നു. അഴീക്കോട് സ്വദേശി പുളിക്കശേരി ഹര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ള 'അറഫ' എന്ന വള്ളമാണ് പ്രൊപ്പല്ലറില്‍ വല ചുറ്റി എഞ്ചിന്‍ നിലച്ച് കടലില്‍ കുടുങ്ങിയത്.

അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ വഞ്ചിപ്പുര വടക്ക് പടിഞ്ഞാറ് കടലില്‍ കുടുങ്ങിയ വള്ളവും 42 മത്സ്യത്തൊഴിലാളികളെയുമാണ് ഫിഷറീസ് റെസ്‌ക്യു ബോട്ട് രക്ഷാപ്രവര്‍ത്തനം നടത്തി തീരത്തെത്തിച്ചത്. ഇന്നലെ രാവിലെ 10.30 ഓടുകൂടിയാണ് വള്ളം കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനില്‍ സന്ദേശം ലഭിച്ചത്. 

ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ സുലേഖയുടെ നിര്‍ദേശാനുസരണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരായ വി.എം. ഷൈബു, ഇ.ആര്‍. ഷിനില്‍കുമാര്‍, വി.എന്‍. പ്രശാന്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോസ്റ്റല്‍ സി.പി. ഷാമോന്‍, റസ്‌ക്യു ഗാര്‍ഡുമാരായ ഫസല്‍, ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസി, എഞ്ചിന്‍ ഡ്രൈവര്‍ റോക്കി എന്നിവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

തൃശൂര്‍ ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകള്‍ ചേറ്റുവയിലും അഴീക്കോടും, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ് ഉള്‍പ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്നും ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ടി. അനിത അറിയിച്ചു.

Read also: 'ലോകത്തെ കരയിച്ച വീഡിയോ' ദുബൈ ഭരണാധികാരിയുടെ ഹൃദയത്തില്‍ തൊട്ടു; ലാനിയയ്ക്ക് ശൈഖ് മുഹമ്മദിന്റെ വലിയ സമ്മാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്