Asianet News MalayalamAsianet News Malayalam

മത്സ്യത്തൊഴിലാളിയിൽ നിന്ന് കളക്ടർ വരെ; ഒടുവില്‍ സംസ്ഥാനത്തെ മികച്ച കളക്ടറായി അലക്സാണ്ടറുടെ പടിയിറക്കം

അച്ഛൻ ആന്റണി കടലിൽപ്പോയി മീൻപിടിച്ചും അമ്മ മറിയപുഷ്പം മീൻവിറ്റും നേടുന്ന പണം പാറശ്ശാല കൊല്ലങ്കോടു തീരത്തുള്ള പുറമ്പോക്കിലെ ആ കുടിലിലെ എട്ടംഗങ്ങളുടെ വയറുനിറയ്ക്കാൻ തികയുമായിരുന്നില്ല. ആ തിരിച്ചറിവാണ് അലക്സാണ്ടർ എന്ന സ്കൂൾവിദ്യാർഥിയെ കടലിലേക്കു തുഴഞ്ഞുപോകാൻ പ്രേരിപ്പിച്ചത്.

Fisherman to civil servant Alappuzha collector A Alexander IAS  life is so inspiring for youngsters
Author
Alappuzha, First Published Feb 27, 2022, 6:25 AM IST

ആലപ്പുഴ: ദിവസവും കടലിൽ മീൻപിടിക്കാൻ പോയ ഒരു കാലമുണ്ടായിരുന്നു ആലപ്പുഴ കളക്ടർ എ അലക്സാണ്ടർക്ക് (A Alexander IAS). അച്ഛൻ ആന്റണി കടലിൽപ്പോയി മീൻപിടിച്ചും അമ്മ മറിയപുഷ്പം മീൻവിറ്റും നേടുന്ന പണം പാറശ്ശാല കൊല്ലങ്കോടു തീരത്തുള്ള പുറമ്പോക്കിലെ ആ കുടിലിലെ എട്ടംഗങ്ങളുടെ വയറുനിറയ്ക്കാൻ തികയുമായിരുന്നില്ല. ആ തിരിച്ചറിവാണ് അലക്സാണ്ടർ എന്ന സ്കൂൾവിദ്യാർഥിയെ കടലിലേക്കു തുഴഞ്ഞുപോകാൻ പ്രേരിപ്പിച്ചത് (Fisherman). ആദ്യം അച്ഛൻ ആന്റണിക്കൊപ്പമായിരുന്നു യാത്ര. പിന്നെ മറ്റു വള്ളങ്ങളിലും പോയിത്തുടങ്ങി. ചാളയും അയലയും കൊഴുവയും ചെമ്മീനുമൊക്കെ വലനിറയെ കിട്ടി. 

ആ പണംകൊണ്ടായിരുന്നു പഠനം. ബാക്കിയുള്ളത് വീട്ടുചെലവിനും. അഭിമാനത്തോടെ ഏതുജോലിയും ചെയ്യാൻ കുട്ടിക്കാലത്തുതന്നെ കാണിച്ച ഉത്സാഹമാണ് സിവിൽ സർവീസ് (Civil Service) എന്ന ഉന്നതപദവിയിലേക്ക് തുഴഞ്ഞുകയറാൻ അലക്സാണ്ടർക്കു കരുത്തായത്. ആലപ്പുഴ കളക്ടറായി ഈ മാസം 28-നു വിരമിക്കാനിരിക്കെയാണ് അലക്സാണ്ടർ കുട്ടിക്കാലത്തെ അനുഭവങ്ങൾ പങ്കുവെച്ചത്. കൊല്ലങ്കോട് ഗവ. എച്ച്. എസ്. എസിലെ പഠനത്തിനുശേഷം ലയോള കോളേജിൽനിന്നു ബിരുദം. പിന്നീട് അവിടെനിന്നുതന്നെ എം. എസ്. ഡബ്ല്യു. അപ്പോഴും അധ്വാനിക്കുന്നതു തുടർന്നു. തീരവാസികളുടെ ദുരിതം കണ്ടറിഞ്ഞ അലക്സാണ്ടർക്ക് സാമൂഹികസേവനത്തിനോടു തന്നെയായിരുന്നു താത്പര്യം. മത്സ്യമേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയിൽ പ്രവർത്തിച്ചു. 

1990-ൽ അസിസ്റ്റന്റ് ലേബർ ഓഫീസറായി സർക്കാർ നിയമനം ലഭിച്ചു. അപ്പോഴും പുറമ്പോക്കിലായിരുന്നു താമസം. പിന്നീട് ജോലിയിൽനിന്നു ലഭിച്ച വരുമാനംകൊണ്ട് അഞ്ചുസെന്റ് സ്ഥലം വാങ്ങി. 2014-ൽ അഡീഷണൽ ലേബർ കമ്മിഷണറും 2018-ൽ ലേബർ കമ്മിഷണറുമായി. ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് സെക്രട്ടറി, ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് വെൽഫെയർ ഇൻസ്പെക്ടർ തുടങ്ങിക പദവികളും വഹിച്ചു. 2019-ലാണ് ഐഎഎസ് ലഭിച്ചത്. സബ് കളക്ടറായി ആദ്യ നിയമനം. രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ, ഹൗസിങ് ബോർഡ് കമ്മിഷണർ, സഹകരണസംഘം രജിസ്ട്രാർ തുടങ്ങിയ പദവികളും വഹിച്ചു. ആലപ്പുഴ ജില്ലയുടെ 52ാമത്തെ കളക്ടറായി 2020 ജൂണ്‍ മാസത്തിലാണ് തിരുവനന്തപുരം സ്വദേശിയായ അലക്‌സാണ്ടര്‍ ചുമതലയേറ്റത്.

ഒടുവിൽ സംസ്ഥാനത്തെ മികച്ച കളക്ടർ എന്ന അംഗീകാരവും നേടിയാണ് ഭാര്യ ടെൽമയും മക്കളായ ടോമിയും ആഷ്മിയുമടങ്ങുന്ന കുടുംബത്തിനൊപ്പം തിരക്കുകളില്ലാത്ത ജീവിതത്തിലേക്ക് അലക്സാണ്ടർ മടങ്ങുന്നത്. ഏതു സാഹചര്യത്തിൽ വളർന്നു എന്നതിലല്ല, കഠിനാധ്വാനം ചെയ്താൽ ഉയരങ്ങളിലെത്തും എന്നതിലാണു കാര്യമെന്നതാണ് പുതുതലമുറയ്ക്കു നൽകാനുള്ള അദ്ദേഹത്തിന്റെ സന്ദേശം.

Follow Us:
Download App:
  • android
  • ios