റസ്ക്യു ചെയ്യാനായി രോഷ്ണി കെട്ടിടത്തിനുള്ളിൽ പാമ്പിന്‍റെ വാലിൽ പിടിച്ച് പലതവണ ശ്രമം നടത്തിയെങ്കിലും പാമ്പ് മുറിയിലാകെ ഓടി നടക്കുകയായിരുന്നു.

തിരുവനന്തപുരം: അരുവിക്കരയിലെ വീട്ടിനുള്ളിൽ കയറി പരിഭ്രാന്തി സൃഷ്ടിച്ച മൂർഖൻ പാമ്പിനെ വനം വകുപ്പ് പിടികൂടി. തീരം റസിഡൻസ് അസോസിയേഷൻ പരിധിയിൽപ്പെട്ട വീട്ടിൽ നിന്നുമാണ് ഒളിച്ചിരുന്ന മൂർഖനെ പിടികൂടിയത്. ഇന്നലെ രാത്രി വീട്ടിനുള്ളിൽ പാമ്പിനെ കണ്ട വീട്ടുകാർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് രാത്രി പതിനൊന്നോടെ ആർആർടിയിലെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറും ആയിരത്തിലധികം പാമ്പുകളെ വിവിധ സ്ഥലങ്ങളിൽ നിന്നും പിടികൂടിയതുമായ രോഷ്ണി എത്തിയാണ് പാമ്പിനെ പിടികൂടിയത്. വീടിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിന്‍റെ ഭാഗത്തായായിരുന്നു പാമ്പ് ഒളിച്ചത്. റസ്ക്യു ചെയ്യാനായി രോഷ്ണി കെട്ടിടത്തിനുള്ളിൽ പാമ്പിന്‍റെ വാലിൽ പിടിച്ച് പലതവണ ശ്രമം നടത്തിയെങ്കിലും പാമ്പ് മുറിയിലാകെ ഓടി നടക്കുകയായിരുന്നു. കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൂർഖനെ കൂട്ടിലാക്കാനായത്.

മേഖലയിൽ വിഷപാമ്പുകളും കാട്ടുപന്നികളും താവളമാക്കിയെന്ന് പരാതി

അസോസിയേഷൻ പ്രദേശത്തിനടുത്ത് റിസർവോയറിൽ നിന്നായിരിക്കാം പാമ്പെത്തിയതെന്നാണ് വിലയിരുത്തൽ. ഇതിനെ ഉൾവനത്തിൽ എത്തിച്ച് തുറന്നുവിടും. പരിസരത്ത് അടുത്തിടെ വളർന്ന കാടിനുളളിൽ വിഷപ്പാമ്പുകളും പെരുമ്പാമ്പും കാട്ടുപന്നികളും താവളമാക്കിയിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു. അധികൃതർ അടിയന്തരമായി കാടുവെട്ടി തെളിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെടുന്നു.

പാമ്പുകളുടെ രാജാവെന്നറിയപ്പെടുന്ന രാജവെമ്പാലയെ റോഷ്‌നി പിടികൂടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. 18 അടിയോളം നീളമുള്ള രാജവെമ്പാലയെ ആണ് അന്ന് റോഷ്‌നി ശാസ്ത്രീയമായി സധൈര്യം പിടികൂടിയത്. ഇതോടെ രാഷ്ട്രീയ-സിനിമ താരങ്ങള്‍ മുതല്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ വരെ റോഷ്‌നിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം