കഴിഞ്ഞ ദിവസമാണ് റോഡിന്‍റെ പലയിടങ്ങളിൽ ഇവയെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തേക്കുറിച്ച്  പ്രദേശവാസികൾ പൊലീസിൽ പരാതി നൽകി

പാലക്കാട് ഒറ്റപ്പാലം നഗരസഭാ പരിധിയിൽ 5 തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് റോഡിന്‍റെ പലയിടങ്ങളിൽ ഇവയെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തേക്കുറിച്ച് പ്രദേശവാസികൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സെപ്തംബര്‍ മാസത്തില്‍ കോട്ടയം മുളക്കുളം കാരിക്കോട് മേഖലയിലാണ് 12 തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് തെരുവനായ ശല്യത്തേക്കുറിച്ച് വ്യാപക ചര്‍ച്ചകള്‍ നടക്കുന്നതിനിടെയായിരുന്നു ഇത്.

വിഷം ഉള്ളിൽ ചെന്നാണ് തെരുവുനായകളുടെ മരണം. കാരിക്കോട്ടെ വിവിധ മേഖലകളിലായി ചത്തു കിടന്ന നായകളെ നാട്ടുകാർ തന്നെ കുഴിയെടുത്ത് മറവ് ചെയ്യുകയായിരുന്നു. എറണാകുളം തൃപ്പൂണിത്തുറ എരൂരിൽ അ‍ഞ്ച് തെരുവ് നായകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഇവയെയും വിഷം കൊടുത്ത് കൊന്നതായാണ് സംശയിക്കുന്നത്. സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായതിന് പിന്നാലെ വിവിധയിടങ്ങളിലാണ് നായ്ക്കളെ ചത്ത നിലയില്‍ കണ്ടെത്തിയത്. കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ നിലയിലും കണ്ടെത്തിയിരുന്നു.

കോട്ടയം പെരുന്നയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആയിരുന്നു ഇത്. മാസങ്ങളായി നാട്ടുകാർക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. നവംബര്‍ അവസാന വാരം പാലക്കാട് പട്ടാമ്പിയില്‍ വളര്‍ത്തുനായയുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയില്‍ കണ്ടെത്തിയിരുന്നു. ചിത്രകാരി ദുർഗാ മാലതിയുടെ വളർത്തു നായ നക്കുവിന് നേരെയാണ് ഈ ക്രൂരതയുണ്ടായത്. കാണാതായ നായ തിരികെ എത്തിയത് രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലായിരുന്നു.