തിരുവനന്തപുരം: തിരുവനന്തപുരം വേളിയിലെ കെടിഡിസി ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് കായലിൽ മുങ്ങി. 75 ലക്ഷം മുടക്കി അഞ്ചുമാസം മുമ്പ് നവീകരിച്ച റെസ്റ്റോറന്റാണ് മുങ്ങിയത്. വർഷങ്ങൾ മുമ്പ് പണികഴിപ്പിച്ച റെസ്റ്റോറന്റ് ശോചനീയാവസ്ഥയിലായതിനെത്തുടർന്നാണ് സ്വകാര്യകമ്പനിക്ക് ടെന്റർ നൽകി ലക്ഷങ്ങൾ മുടക്കി അഞ്ചുമാസം മുമ്പ് നവീകരിച്ചത്. വേളിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു കെടിഡിസി ഫ്ലോട്ടിംഗ് റെസ്റ്റോറന്റ്.

2006 ൽ ഉമ്മൻചാണ്ടി സർക്കാരാണ് വേളിയിൽ ഫ്ലോട്ടിംഗ് റെസ്റ്റോറൻറ് തുടങ്ങിയത്. അന്ന് ലക്ഷങ്ങള്‍ മുടക്കി തുടങ്ങിയ സ്ഥാപനം മാസങ്ങള്‍ക്കു ശേഷം പ്രവർത്തനം നിലച്ചു. നാശത്തിൻറെ വക്കിലെത്തിയിരുന്ന റെസ്റ്റോറൻറിനെ നവീകരിക്കാൻ ടെണ്ടർ വിളിച്ച് 75 ലക്ഷം രൂപയും സ്വകാര്യ കമ്പനിക്ക് നൽകി. ഈ സർക്കാരിൻറെ കാലത്താണ് നവീകരണം ആരംഭിച്ചത്. ഒറ്റനിലയിലായിരുന്ന റെസ്റ്റോറൻറ് രണ്ടുനിലയിലാക്കിയാണ് നവീകരിച്ചത്. ഡിസംബറിലായിരുന്നു ഉദ്ഘാടനം.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയത്തും  റെസ്റ്റോറൻറ് മുങ്ങി. അടിഭാഗത്ത് പൂർണമായും വെള്ളം കയറി നശിച്ചിട്ടുണ്ട്. റെസ്റ്റോറൻറിലെ അഴുക്കുവെള്ളം പുറത്തേക്കു പോകാനിട്ടിരുന്ന പൈപ്പുകള്‍ വഴി അകത്തേക്ക് കായൽ വെളളം കയറിയതാകാം മുങ്ങാൻ കാരണെന്നും സംശയിക്കുന്നു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വേളി ടൂറിസ്റ്റ് വില്ലേജ് അടച്ചിരുന്നു. ഒരുസെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് ഉണ്ടായിരുന്നത്. ഫയ‌ർഫോഴ്സിൻറെ സഹായത്തോടെ വെള്ളം പമ്പ് ചെയ്ത പുറത്തേക്ക് കള‍ഞ്ഞ്  റെസ്റ്റോറൻറ് ഉയർത്താനുള്ള ശ്രമം തുടങ്ങി. സാങ്കേതിക പ്രശ്നത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഇന്ന് വൈകുന്നേരത്തോടെ റെസ്റ്റോറന്റ്  ഉയർത്തുമെന്നും കെടിഡിസി എംഡി കൃഷ്ണ തേജ അറിയിച്ചു.