ബോട്ട് മറിഞ്ഞെന്ന് വിവരം, മഴയും കാറ്റും വകവയ്ക്കാതെ അന്വേഷണം; പൊലീസിനെ വട്ടംകറക്കി 'വ്യാജൻ'
നല്ല മഴയുള്ള രാത്രിയായിട്ട് പോലും പൊലീസിനെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചതായിരുന്നു സംഭവം

തിരുവനന്തപുരം: വ്യാജനെന്നറിയാതെ അപകടത്തിന് പിന്നാലെ പൂവാർ പൊലീസ് അലഞ്ഞത് മണിക്കൂറുകൾ. പൂവ്വാർ പ്രദേശത്ത് പടർന്ന വ്യാജ വാർത്തയാണ് പൊലീസിനെ പുലിവാല് പിടിപ്പിച്ചത്. പൊഴിക്കരയിൽ ഉല്ലാസബോട്ട് അപകടത്തിൽപ്പെട്ട് വെള്ളത്തിൽ വീണ മൂന്ന് സഞ്ചാരികളെ ആശുപത്രിയിലാക്കി എന്നായിരുന്നു വിവരം. ഇതൊരറ്റ വിവരം ഞായറാഴ്ച നല്ല മഴയുള്ള രാത്രിയായിട്ട് പോലും പൊലീസിനെ അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിച്ചതായിരുന്നു സംഭവം.
ചട്ടങ്ങൾ പ്രാകരം ഈ പ്രദേശത്ത് വൈകുന്നേരം ആറുമണിക്ക് ശേഷം സഞ്ചാരികളുമായി ഉല്ലാസബോട്ട് സവാരി പാടില്ലെന്ന് വ്യവസ്ഥയുണ്ട്. അപ്പോഴാണ്, നേരം ഇരുട്ടിയ ശേഷം അപകടവാർത്ത പരന്നത്. ആറ്റുപുറത്തെ ഒരു പ്രമുഖ ക്ലബിന്റെ ബോട്ടാണ് മറിഞ്ഞതെന്ന് കൂടിയായിരുന്നു പൊലീസിന് ലഭിച്ച വിവരം. ഇതോടെ അന്വേഷണം ഊർജിതമാക്കാൻ പൊലീസ് തീരുമാനിക്കുകയും ചെയ്തു.
സംഭവത്തെ കുറിച്ച് മാധ്യമങ്ങളിൽ നിന്നും വിവരമന്വേഷിച്ചുള്ള വിളികൾ എത്തിയതോടെ പൊലീസിന്റെ തലവേദന കൂടി. കോരിച്ചൊരിയുന്ന മഴയും കാറ്റും വക വെക്കാതെ പാറശ്ശാല, നെയ്യാറ്റിൻകര, പൂവാർ, പുല്ലുവിള എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലും സമീപത്തെ സ്വകാര്യ ആശുപത്രികളിലും പൊലീസ് എത്തി വിവരങ്ങൾ തേടി.
Read more: കാഴ്ചയില്ലാത്തയാളെ പറ്റിച്ച് തിരുവോണം ബമ്പർ കൂട്ടത്തോടെ കൈക്കലാക്കി, പണിപാളിയത് ബൈക്കിൽ മുങ്ങവെ!
ഒട്ടുമിക്ക ആശുപത്രികളിലും അപകടത്തിൽപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങൾ തിരക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒടുവിൽ രാത്രി പതിനൊന്നോടെയാണ് തെരച്ചിൽ നിർത്തി പൊലീസുകാർ സ്റ്റേഷനിലേക്ക് മടങ്ങി. ബോട്ട് ക്ലബുകാരുടെ മത്സരമാകാം ഇത്തരമൊരു വ്യാജ വാർത്തയ്ക്ക് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം