ഞായറാഴ്ച മുതൽ 100 കണക്കിന് സൂര്യകാന്തി പൂവുകൾക്ക് നടുവിൽ നിന്ന് സെൽഫിയുമെടുക്കാം , സമീപത്ത് പുതുതായി എത്തിയിട്ടുളള ഫുഡ് പാർക്കിലും കയറാം. കാലാവസ്ഥ അനുകൂലമെങ്കിൽ പൂക്കൾ രണ്ടാഴചയോളം നിൽക്കും...
ആലപ്പുഴ: പൂക്കളെ സ്നേഹിയ്ക്കുന്നവർക്കായി ഇനി ഒരാഴ്ച സൂര്യകാന്തി പൂക്കാലമാകും ആലപ്പുഴയിലെ ചേർത്തലയിൽ. മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻ ദേവാലയ വളപ്പിലാണ് ഒന്നര ഏക്കറിൽ 10,000 സൂര്യകാന്തി പൂക്കൾ വിടർന്നത്. കഞ്ഞിക്കുഴി സ്വദേശി എസ്.പി സുജിത്ത് നാലര ലക്ഷം രൂപ ചിവഴിച്ചാണ് പള്ളി അങ്കണത്തിൽ സൂര്യകാന്തി കൃഷി ചെയ്തത്. കഴിഞ്ഞ കുറെ മാസങ്ങൾക്ക് മുമ്പ് സുജിത്ത് സൂര്യകാന്തി കൃഷി ചെയ്ത് വിജയിപ്പിച്ചിരുന്നു.
പ്രദർശനം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് പള്ളി അധികൃതരും പ്രദേശവാസികളും. ഞായറാഴ്ച മുതൽ 100 കണക്കിന് സൂര്യകാന്തി പൂവുകൾക്ക് നടുവിൽ നിന്ന് സെൽഫിയുമെടുക്കാം സമീപത്ത് പുതുതായി എത്തിയിട്ടുളള ഫുഡ് പാർക്കിൽ കയറുകയുമാകാം.
കാലാവസ്ഥ അനുകൂലമെങ്കിൽ പൂക്കൾ രണ്ടാഴചയോളം നിൽക്കും.
ഒന്നര മാസം മുമ്പാണ് സ്ഥലം ഒരുക്കി ചെടികൾ നട്ടത്. നഗരസഭ, കൃഷിവകുപ്പ്, എറണാകുളം - അങ്കമാലി അതിരൂപതാ സാമൂഹിക പ്രവർത്തന വിഭാഗമായ സഹൃദയ തുടങ്ങിയവരുടെ സഹകരണവുമുണ്ട്. സൂര്യകാന്തി ചെടികൾക്കൊപ്പം ഇടവിളയായി ചീരയും നട്ടിരുന്നു. 1600 ഗ്രോ ബാഗിൽ പച്ചക്കറി കൃഷിയും ഇതിനോടപ്പമുണ്ട്. ഇടവക അതിർത്തിയിലുള്ള മുഴുവൻ കുടുബങ്ങളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ഉണ്ടെന്ന് വികാരി ഫാ. കുര്യൻ പറഞ്ഞു.
നഗരസഭയുടെയും ഇടവകയുടെയും സഹൃദയയുടെയും നേതൃത്വത്തിൽ എല്ലാ ദിവസവും 8 മുതൽ ഒരാഴ്ച സൂര്യവസന്തം പുഷ്പ കാർഷിക മേളയായി സംഘടിപ്പിച്ചിട്ടുണ്ട്. സൂര്യകാന്തി തോട്ടം കാണുന്നതിനും, ചെടികളും, കായ്കളും വാങ്ങുന്നതിനും ഇതുമായി ബന്ധപ്പെട്ട് അവസരമുണ്ടാകും . ഇതിനോടനുബന്ധിച്ച് വൈകുന്നേരങ്ങളിൽ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
