ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീയണക്കല്‍ തുടരുകയാണ്. വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു. തീ പിടുത്തം ഉണ്ടായ സ്ഥലത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മുഴുവന്‍ കത്തി തീരുക മാത്രമാണ് വഴിയെന്നാണ് ഫയര്‍ ഫോഴ്സ് പറയുന്നത്. 

പാലക്കാട്: മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ പിടിത്തം കാട്ടില്‍ നിന്നാണ് തീ പടര്‍ന്നതെന്ന ഇമേജിന്റെ (Image) വാദം തള്ളി വനം വകുപ്പ് (Forest department). പരിസരത്തെ വന മേഖലയില്‍ തീ പടര്‍ന്ന അടയാളങ്ങളില്ല. ഞായറാഴ്ച രാവിലെ പത്തരയ്ക്ക് തീ കണ്ടത് ഇമേജിന്റെ കെട്ടിടത്തിലാണ്. വൈകിട്ട് ആറു വരെ വനമേഖലയില്‍ തീ പടര്‍ന്നിട്ടില്ല. വനം വകുപ്പ് പരിശോധനയിലും വനമേഖലയില്‍ നിന്നല്ല തീ പടര്‍ന്നതെന്ന് വ്യക്തമായി.

ആശുപത്രി മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീയണക്കല്‍ തുടരുകയാണ്. വെള്ളമൊഴിച്ച് തീ കെടുത്താനുള്ള ശ്രമം ഉപേക്ഷിച്ചു. തീ പിടുത്തം ഉണ്ടായ സ്ഥലത്തെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ മുഴുവന്‍ കത്തി തീരുക മാത്രമാണ് വഴിയെന്നാണ് ഫയര്‍ ഫോഴ്സ് പറയുന്നത്. ഐഎംഎയുടെ ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റായ മലമ്പുഴ കരടിയോട് ചേമ്പനയിലെ 'ഇമേജി'ലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു അപകടം. പ്ലാസ്റ്റിക് മാലിന്യങ്ങളിലേക്ക് തീ പടര്‍ന്നതോടെയാണ് സ്ഥിതി കൈവിട്ട് പോയത്. പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിന്നായി ഒമ്പത് യൂണിറ്റുകളെത്തി ശ്രമിച്ചിട്ടും തീ അണയ്ക്കാനായില്ല.

മാലിന്യ സംസ്‌കാരണ പ്ലാന്റിന്റെ ഭാഗത്തുണ്ടായ വീഴ്ച്ചയാണെന്നാണ് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ കുറ്റപ്പെടുത്തുന്നത്. സംസ്‌കരിക്കാവുന്നതിലധികം മാലിന്യങ്ങള്‍ പ്ലാന്റില്‍ ഉണ്ടായിരുന്നുവെന്നും ഇതാണ് വലിയ തീ പിടുത്തത്തിലേക്ക് നയിച്ചതെന്നുമാണ് കുറ്റപ്പെടുത്തല്‍.