ചെതലയം, മേപ്പാടി, കല്‍പറ്റ ഫോറസ്റ്റ് റേയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയത്. 

കല്‍പ്പറ്റ: പുല്‍പ്പള്ളി കതവാക്കുന്നില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവ പ്രദേശത്ത് നിന്ന് ഉള്‍വനത്തിലേക്ക് രക്ഷപ്പെട്ടതായി സൂചന. കടുവയെ കണ്ടെത്താനായി ഫോറസ്റ്റ് ഗാര്‍ഡുമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം നടത്തിയ തിരച്ചില്‍ ഫലം കണ്ടില്ല. കഴിഞ്ഞ ദിവസം രാവിലെ മുതല്‍ നൂറോളം വനപാലകരാണ് കടുവയെ തേടിയിറങ്ങിയത്. 

ചെതലയം, മേപ്പാടി, കല്‍പറ്റ ഫോറസ്റ്റ് റേയ്ഞ്ചിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍ മൂന്നു ദിവസമായി കടുവ പ്രദേശത്തില്ലെന്ന സൂചനയാണ് സംഘത്തിന് ലഭിച്ചത്. കാല്‍പ്പാടുകളും കാഷ്ടവും പരിശോധിച്ചതിന് ശേഷമാണ് ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. കാട്ടില്‍ തിരച്ചില്‍ നടത്തുന്നതിനാല്‍ വെളിച്ചം പോകുന്നതിന് മുമ്പായി മൂന്ന് മണിയോടെ തിരച്ചില്‍ അവസാനിപ്പിക്കും. 

കഴിഞ്ഞ വെള്ളിയാഴ്ച കൂട് സ്ഥാപിച്ച് കാത്തിരിന്നെങ്കിലും മൂന്ന് ദിവസം പിന്നിട്ടിട്ടും കടുവ കെണിയില്‍ അകപ്പെട്ടിട്ടില്ല. ഇതോടെയാണ് കാടിളക്കി തിരയാന്‍ വനംവകുപ്പ് തീരുമാനിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ കടുവയുടെ ദൃശ്യങ്ങള്‍ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അതിന് ശേഷം വിവരങ്ങള്‍ ലഭ്യമല്ലാതായതോടെ കടുവ ഉള്‍ക്കാട്ടിലേക്കോ മറ്റു പ്രദേശങ്ങളിലേക്കോ മാറിയിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് അധികൃതര്‍.