വിദ്യാനഗർ പൊലീസ് കാറിന്റെ ജിപിഎസ് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട് അഗളി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൂടി ഓടിച്ച് പോകുന്നതായി കണ്ടെത്തി. 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കാസർകോട് : ജിപിഎസ് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ കാസർകോട് നിന്നും കാണാതായ വാഹനം തമിഴ്നാട് മേട്ടുപ്പാളയത്ത് കണ്ടെത്തി. 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മധൂർ ഇസത്ത് നഗർ സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാൾ ഉപയോഗിച്ച് വന്ന മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതുമായ ടൊയോട്ട ഗ്ലൻസ കാറും കാറിലുണ്ടായിരുന്ന 32000 രൂപയുമാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. വിദ്യാനഗർ പൊലീസ് കാറിന്റെ ജി പി എസ് കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിൽ പാലക്കാട് അഗളി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൂടി ഓടിച്ച് പോകുന്നതായി കണ്ടെത്തി. ഈ വിവരം കാസർകോട് പൊലീസ് പാലക്കാട് പൊലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അഗളി പൊലീസ് വാഹനം തമിഴ്നാട് മേട്ടുപ്പാളയത്തു വെച്ച് പിടികൂടി. കേസിലെ മൂന്നാം പ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി അസറുദ്ധീൻ(36) നെ വാഹനമുൾപ്പെടെ പിടികൂടി. പൊലീസ് വാഹനം കസ്റ്റഡിയിൽ എടുക്കുന്ന സമയം കാറിന്റെ ഒറിജിനൽ നമ്പർ പ്ലെയ്റ്റ് മാറ്റി തമിഴ്നാട് രജിസ്റ്ററേഷൻ നമ്പർ പ്ലേറ്റ് പതിച്ച നിലയിലായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെമ്മനാട് അരമങ്ങാനം സ്വദേശി റംസാൻ സുൽത്താൻ ബഷീർ(25) ഒന്നാം പ്രതിയും, കാസർകോട് തളങ്കര തെരുവത്ത് സ്വദേശി നാച്ചു എന്ന ഹാംനാസ് (24) രണ്ടാം പ്രതിയുമാണെന്ന് കണ്ടെത്തി. റംസാൻ സുൽത്താൻ ബഷീർ വാഹന ഉടമയായ മുഹമ്മദ് മുസ്തഫയുടെ ഡ്രൈവറാണ്. ആ സ്വാതന്ത്ര്യം മുതലെടുത്താണ്റം സാൻ സുൽത്താൻ ബഷീർ ആർ സി ഓണറുടെ വീട്ടിൽ നിന്നും കാറിന്റെ ചാവി എടുത്തു പകരം സാമ്യമുള്ള മറ്റൊരു ഡമ്മി ചാവിയുണ്ടാക്കിയത്. ഹാംനാസിന്റെ സഹായത്തോടെ കാർ മോഷ്ടിക്കുകയായിരുന്നു. കാർ വിറ്റതിൽ 1,40,000 രൂപ രണ്ടാം പ്രതി താമസിക്കുന്ന ക്വാട്ടേർസിൽ നിന്നും വാഹനത്തിന്റെ ഒറിജിനൽ നമ്പർ പ്ലെയ്റ്റ് പെരുമ്പള കുഞ്ഞടുക്കം എന്ന സ്ഥലത്ത് നിന്നും കണ്ടെത്തി. കേസ്സിലെ ഒന്നാം പ്രതിയായ റംസാൻ സുൽത്താൻ ബഷീറിന് വിദ്യാനഗർ , പരിയാരം, മേല്പറമ്പ കുമ്പള എന്നീ പൊലീസ് സ്റ്റേഷനുകളിലും രണ്ടാം പ്രതിക്ക് ഹോസ്ദുർഗ്, മേൽപറമ്പ് എന്നീ സ്റ്റേഷനുകളിലുമായി കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.