2016ലാണ് മൊബൈല്‍ ഫോണ്‍ വിളികളിലൂടെ സലീം യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇയാള്‍ ഇവരെ ലഹരിക്കടത്തിന് ഉപയോഗിച്ചു. എന്നാല്‍ 2018ല്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് കഞ്ചാവുമായി യുവതി പൊലീസിന്റെ പിടിയിലായിരുന്നു. 

കോഴിക്കോട്: ലഹരി മാഫിയാ സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട യുവതിക്ക് നേരെ വധഭീഷണിയുള്ളതായി പരാതി. കോഴിക്കോട് ഒളവണ്ണ സ്വദേശിനിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. ചക്കുകടവ് ചെന്നാലേരി സ്വദേശി സലീം എന്നയാള്‍ കഴിഞ്ഞ ദിവസം യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഈ സംഭവത്തില്‍ ഇയാളെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു. 

സലീം പുറത്തിറങ്ങിയാല്‍ തന്നെ അപായപ്പെടുത്തുമെന്നാണ് ചികിത്സയിലുള്ള യുവതി ആരോപിക്കുന്നത്. 2016ലാണ് മൊബൈല്‍ ഫോണ്‍ വിളികളിലൂടെ സലീം യുവതിയെ പരിചയപ്പെടുന്നത്. പിന്നീട് ഇയാള്‍ ഇവരെ ലഹരിക്കടത്തിന് ഉപയോഗിച്ചു. എന്നാല്‍ 2018ല്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് കഞ്ചാവുമായി യുവതി പൊലീസിന്റെ പിടിയിലായിരുന്നു. 

ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഇയാളില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിച്ചെങ്കിലും കൂടെ നിന്നില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു. സഹോദരിയുടെ മകനെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിയുണ്ടായി. ഇതുസംബന്ധിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി നല്‍കി തൊട്ടടുത്ത ദിവസമാണ് ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയെ പ്രതി കുത്തിപ്പരിക്കേല്‍പ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം