ചാലക്കുടിയിൽ നടത്തിയ വാഹന പരിശോധനയിൽ 3,62,750 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു.
തൃശൂർ: ചാലക്കുടി നാടുകുന്നിൽ വൻ ലഹരിവേട്ട, ഓപ്പറേഷൻ ഡി ഹണ്ടിന്‍റെ ഭാഗമായി ചാലക്കുടി പൊലീസ് സ്റ്റേഷൻ പരിധിയിൽ പരിശോധനകൾ നടന്ന് വരവെ വാഹനപരിശോധനയിൽ അഞ്ഞൂറോളം ചാക്കുകളിലായി നിറച്ചിരുന്ന 3,62,750 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാലക്കുടി ഡിവൈഎസ്പി ബിജു കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ലോറി ഡ്രൈവർ മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി തറമണ്ണിൽ വീട്ടിൽ അബ്ദുൾ മനാഫ് (41 ) എന്നയാളെ അറസ്റ്റ് ചെയ്തു. പുകയില ഉത്പന്ന ശേഖരം കൊണ്ടു വന്ന വാഹനവും കസ്റ്റഡിയിലെടുത്തു. ബിസ്കറ്റ് പാക്കറ്റുകളോട് കൂടിയ ബോക്സുകൾക്കിടയിൽ പുകയില ഉൽപ്പന്നങ്ങൾ അടങ്ങിയ ചാക്കുകൾ ഒളിപ്പിച്ച നിലയിലാണ് കണ്ടെടുത്തത്. ചാലക്കുടി മുതൽ കൊല്ലം വരെ വിതരണം ചെയ്യാൻ കൊണ്ടുവന്നതാണ് പ്രസ്തുത പുകയില ഉത്പന്ന ശേഖരമെന്നാണ് ലഭിച്ച വിവരം.
ഉത്തരേന്ത്യയിൽ നിർമ്മിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പത്തുരൂപ നിരക്കിൽ വാങ്ങി കേരളത്തിലെത്തിച്ച് നൂറു രൂപ മുതൽ മുകളിലക്ക് വില ഈടാക്കിയാണ് വിൽപന നടത്തുന്നത്. സർക്കിൾ ഇൻസ്പെക്ടർ സജീവ് എം കെ, സബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, ഡാൻസാഫ്- ക്രൈം സ്ക്വാഡ് അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ, പി എം മൂസ, വി യു സിൽജോ, ഷിയാസ് പി എം, എ യു റെജി, ബിനു എം ജെ, ഷിജോ തോമസ് എന്നിവരും ചാലക്കുടി പൊലീസ് സ്റ്റേഷൻ അഡീഷണൽ എസ്ഐ ജെയ്സൺ ജോസഫ്, എഎസ്ഐ ജിബി പി ബാലൻ, സീനിയർ സിപിഒ ആൻസൻ പൗലോസ്, സിപിഒ പ്രദീപ് എൻ എന്നിവരും ചേർന്നാണ് വാഹന പരിശോധന നടത്തിയത്.


