Asianet News MalayalamAsianet News Malayalam

ഓളങ്ങളിൽ ആഴ്ന്നുപോയി നാല് ജീവനുകൾ: നോവോർമ്മയായി ചമ്രവട്ടം പുതുപ്പള്ളി

തങ്ങളുടെ കൂടെ പുഴയിൽ സജീവമായി ഉണ്ടാകാറുള്ള ആ നാല് പേർ വിട പറഞ്ഞ വാർത്ത ഇനിയും ഉൾക്കൊള്ളാൻ ബീപാത്തുവിനും റസിയയ്ക്കും കഴിഞ്ഞിട്ടില്ല.

Four die in canoe accident in Bharatpuzha
Author
First Published Nov 21, 2022, 2:32 PM IST


മലപ്പുറം: ചമ്രവട്ടം പുതുപ്പള്ളിയിൽ ഭാരതപ്പുഴയിൽ കക്ക വരാൻ പോയ നാല് സ്ത്രീകളുൾപ്പെടുന്ന ആറംഗ സംഘമാണ് കരയിലേക്ക് മടങ്ങുന്നതിനിടെ തോണി മുങ്ങി ഒഴുക്കിൽപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അപകടത്തിൽ നാല് പേര്‍ മരിച്ചു. ഇട്ടികപ്പറമ്പിൽ അബ്ദുൽ സലാം (55), കുഴിയിനി പറമ്പിൽ അബൂബക്കർ (65), ഈന്തു കാട്ടിൽ ഹംസയുടെ ഭാര്യ റുഖിയ (60), സഹോദരി വിളക്കത്ര വളപ്പിൽ മുഹമ്മദിന്‍റെ ഭാര്യ സൈനബ (54) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട ചക്കിട്ടപറമ്പിൽ ബീപാത്തു (62), കുറുങ്ങാട്ട് റസിയ (40) എന്നിവർ ചികിത്സയിലാണ്.

പുഴയിലും പരിസരത്തും തന്നെയാണ് പുതുപ്പള്ളിക്കാരുടെ ജീവിതം. പുഴയിൽ നിന്നും കക്ക വാരി അത് കവറുകളിലാക്കി ആവശ്യക്കാര്‍ക്കും വീടുകളിലും കൊണ്ട് പോയി നൽകി ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നവരാണ് ഇവിടത്തുകാർ. ജീവിതത്തിന്‍റെ തന്നെ ഭാഗമായ കക്ക വാരലിനിടയിലാണ് തോണി മറിഞ്ഞ് നാല് പേർക്ക് ജീവൻ നഷ്ടമായത്. ഇടക്ക് തോണി മറിഞ്ഞും മറ്റും ചെറിയ അപകടങ്ങൾ  ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും വലിയൊരു ദുരന്തം ഇവിടെ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. 

സാധാരണയായി തോണിയിൽ പോയി ഓരോ ചാക്ക് കക്ക വാരി അത് കരയിലെത്തുകയാണ് പതിവ്. ഏകദേശം 50 കിലോ തൂക്കമാണ് ഓരോ ചാക്കിനും ഉണ്ടാകുക. ഓരോരുത്തർക്കും ഓരോ ചാക്ക് ലഭിച്ചാൽ എല്ലാവരും ഒന്നിച്ച് മടങ്ങാറാണ് പതിവ്. വീട്ടിലെത്തിയ ശേഷം അത് വൃത്തിയാക്കി തൊലി കളഞ്ഞ് കവറുകളിൽ ആക്കി വിൽപ്പന നടത്തും. നേരത്തെയുള്ള ഓർഡർ അനുസരിച്ച് ഹോട്ടലുകളിലും മറ്റും എത്തിച്ച് കൊടുക്കുകയും ചെയ്യും. 

പതിവ് പോലെ ശനിയാഴ്ച വൈകിട്ട് ആറ് പേരും കൂടി കക്ക വാരി മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്. കരയിൽ നിന്ന് നോക്കിയാൽ കാണുന്ന ദൂരത്തിലാണ് അപകടം നടന്ന സ്ഥലം. തങ്ങളുടെ കൂടെ പുഴയിൽ സജീവമായി ഉണ്ടാകാറുള്ള ആ നാല് പേർ വിട പറഞ്ഞ വാർത്ത ഇനിയും ഉൾക്കൊള്ളാൻ ബീപാത്തുവിനും റസിയയ്ക്കും കഴിഞ്ഞിട്ടില്ല. വർഷങ്ങളായി തങ്ങൾ പരിചയിച്ച ഈ പുഴയിൽ എങ്ങനെ ഒരു അപകടം ഉണ്ടായി എന്ന് നെടുവീർപ്പോടെ അവർ ആലോചിക്കുന്നു. മരണപ്പെട്ട നാല് പേരുടെയും വീടുകൾ അടുത്തടുത്താണ്.  ഓരോ വീട്ടിലെയും കാര്യങ്ങൾ ഏകോപിപ്പിക്കാനും മരണാനന്തര കർമ്മങ്ങൾ ചെയ്യുവാനുമായി നാട്ടുകാർ ഓടി നടക്കുകയായിരുന്നു.

ഇതിനിടെ തോണി ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായധനം അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ അറിയിച്ചു. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾക്ക് അന്തിമോപചാരമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തര ധനസഹായം അനുവദിക്കുന്നതിന് ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സംഭവത്തെക്കുറിച്ച് മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ എ.ഡി.എമ്മിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. തോണി ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രിമാരുൾപ്പടെ ജനപ്രതിനിധികൾ ആശ്വസിപ്പിച്ചു. കായിക ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ, എം.എൽ.എമാരായ ഡോ. കെ.ടി ജലീൽ, കുറുക്കോളി മൊയ്തീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ റഫീഖ, തിരൂർ നഗരസഭ അധ്യക്ഷ എ.പി നസീമ, പുറത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ഒ ശ്രീനിവാസൻ, എ.ഡി.എം എൻ.എം മെഹറലി, സബ് കലക്ടർ സച്ചിൻ കുമാർ യാദവ്, തഹസിൽദാർ പി. ഉണ്ണി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

കൂടുതല്‍ വായിക്കാന്‍:  ഓളങ്ങളിൽ ആഴ്ന്നുപോയി നാല് ജീവനുകൾ: നോവോർമ്മയായി പുതുപ്പള്ളി

 

Follow Us:
Download App:
  • android
  • ios