ആലുവ - പറവൂർ റൂട്ടിൽ പുതിയ കെഎസ്ആർടിസി ബസുകൾ ഫ്ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി വി ഡി സതീശൻ. രണ്ട് ഓർഡിനറി ബസുകളും രണ്ട് ടൗൺ ടു ടൗൺ ബസുകളുമാണ് പുതിയതായി സർവീസ് ആരംഭിച്ചത്.
ആലുവ: സംസ്ഥാന സർക്കാരിൻ്റെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കാനിരിക്കെ, ആലുവ - പറവൂർ റൂട്ടിൽ സ്ത്രീകൾക്ക് കോളടിച്ചു. ആലുവ - പറവൂർ റൂട്ടിൽ നാല് പുതിയ ബസുകൾ കൂടി സർവീസ് ആരംഭിച്ചു. രണ്ട് ഓർഡിനറി ബസുകളും രണ്ട് ടൗൺ ടു ടൗൺ ബസുകളുമാണ് ഈ റൂട്ടിൽ പുതുതായി ഓടിത്തുടങ്ങിയത്. നാല് ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും.
പറവൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആലുവ - പറവൂർ മേഖലയിൽ സ്വകാര്യ ബസുകളില്ലാത്തതും കെഎസ്ആർടിസി സർവീസുകൾ കുറവായതും കടുത്ത യാത്രാക്ലേശത്തിന് കാരണമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിലാണ് പുതിയ ബസുകൾ നിരത്തിലിറക്കാൻ സർക്കാർ തീരുമാനിച്ചത്. നിലവിലെ പുതിയ സർവീസുകളുടെ പരീക്ഷണം വിജയകരമായാൽ കൂടുതൽ ബസുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആലുവ - പറവൂർ റൂട്ടിൽ മാത്രമല്ല, കേരളത്തിൽ എവിടെയെല്ലാം യാത്രാത്തിരക്കുണ്ടോ, എവിടെയൊക്കെയാണോ ബസുകൾ ഇല്ലാതെ ജനങ്ങൾ ബുദ്ധിമുട്ടുന്നത് അവിടെയെല്ലാം പുതിയ ബസുകൾ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 15 നടക്കും. രാവിലെ എട്ടരയ്ക്ക് തമ്പാനൂർ ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടത്തിന് ശേഷം രാവിലെ ഒൻപതുമണി മുതൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കർ പതിച്ചിട്ടുണ്ടാകും.

