സപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗണിൽ നിന്നും 40 ചാക്ക് കുത്തരിയും 20 ചാക്ക് ഗോതമ്പും കടത്തിയ സംഭവത്തിൽ സപ്ലൈകോ ജീവനക്കാരനും കരാർ ഉടമയും സഹായികളും അറസ്റ്റിൽ
മാവേലിക്കര: സപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗണിൽ നിന്നും 40 ചാക്ക് കുത്തരിയും 20 ചാക്ക് ഗോതമ്പും കടത്തിയ സംഭവത്തിൽ സപ്ലൈകോ ജീവനക്കാരനും കരാർ ഉടമയും സഹായികളും അറസ്റ്റിൽ. ഗോഡൗൺ സീനിയർ അസിസ്റ്റന്റ് തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര, അശ്വനി വീട്ടിൽ രാജു (52), ചരക്ക് ട്രാൻസ്പോർട്ടിങ് കോൺട്രാക്ടർ ചെറുതന, ആയാപറമ്പ്, പണിക്കർ വീട്ടിൽ സന്തോഷ് വർഗ്ഗീസ് (61), ഇയാളുടെ സഹായി ചെറിയനാട് കിഴക്കും മുറിയിൽ, പ്ലാന്തറയിൽ വീട്ടിൽ സുകു (54), ലോറി ഡ്രൈവർ ഹരിപ്പാട്, തുലാമ്പറമ്പ് കിഴക്ക്, നക്രാത്ത് കിഴക്കതിൽ വിഖിൽ (26) എന്നി വരാണ് അറസ്റ്റിലായത്.
സപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗൺ ഓഫീസർ ഇൻ ചാർജ് ചെന്നിത്തല ഓഫീസിൽ ബിൽ തയ്യാറാക്കാൻ ശനിയാഴ്ച ഉച്ചയോടെ പോയ സമയത്താണ് ഇവർ ഭക്ഷ്യവസ്തുക്കൾ മിനി ലോറിയിൽ കടത്തിയത്. ഇവർ കടത്തിയ ഭക്ഷ്യധാന്യ ചാക്കുകൾ ചെങ്ങന്നൂരിലെ റേഷൻ കടകളിൽ നിന്നും കണ്ടെടുത്തു. എസ്. ഐ ഇ. നൗഷാദ് പൊലീസ് ഉദ്യോഗസ്ഥരായ സി എച്ച് അലി അക്ബർ, സി ഷൈജു, സി എം ലിമു മാത്യു, ജി പ്രദീപ്, ആർ വിനോദ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അതിനിടെ, സ്ഥിരം പ്രശ്നക്കാരനായ ഗുണ്ടയെ കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി. കൃഷ്ണപുരം കാപ്പിൽ മേക്ക് തറയിൽ തെക്കതിൽ മൈലോയെയാണ് (അഖിൽ അസ്കർ -30) അറസ്റ്റ് ചെയ്തത്. കൊലപാതക ശ്രമം, ആയുധം കൈവശം വെക്കൽ, മയക്കുമരുന്ന് വിൽപന, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2021ൽ ഇയാളെ ജില്ലയിൽനിന്ന് കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്നു. ഇതിനിടെ കാപ്പിൽമേക്ക് ഭാഗത്തു വീടുകയറി യുവാവിനെ ദേഹോപദ്രവം ഏൽപിച്ചതോടെയാണ് നടപടി. ജില്ല പൊലീസ് മേധാവി നൽകിയ ശിപാർശ അംഗീകരിച്ച കലക്ടർ വി. ആർ. കൃഷ്ണതേജയാണ് ആറു മാസത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
