മാലിന്യത്തിന്‍റെ മണം കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ല. സ്വാതന്ത്രം കിട്ടി ഇത്ര കാലമായിട്ടും ഇന്നും വായുവിനും വെള്ളത്തിനും, സ്വാതന്ത്ര്യത്തിനുമായി പോരാടുന്നവരാണ് 4000 ഓളം കുടുംബങ്ങളെന്ന് പ്രതിഷേധക്കാർ പറയുന്നു.
താമരശ്ശേരി: ശുദ്ധവായുവിനും ശുദ്ധ ജലത്തിനും വേണ്ടി സമരത്തിനിറങ്ങിയിരിക്കുകയാണ് വീട്ടമ്മമാരുൾപ്പടെ ഒരു നാടൊന്നാകെ. നാല് പഞ്ചായത്തുകളിലെ പ്രധാന തെരഞ്ഞെടുപ്പ് വിഷയമായി മാറിയിരിക്കുകയാണ് കോഴിക്കോട് അമ്പായത്തോട്ടിലെ ഫ്രഷ് കട്ട് സമരം. ശുദ്ധ വായുവിനും ശുദ്ധജലത്തിനും വേണ്ടി വീട്ടമ്മമാർ ഉൾപ്പെടെ സമര രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. കട്ടിപ്പാറ പഞ്ചായത്തിലാണ് വിവാദമായ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ കേന്ദ്രം ചെയ്യുന്നത്. ഇരുതുള്ളി പുഴക്ക് ഇരുവശവുമായി നാല് പഞ്ചായത്തുകളുണ്ട്. താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി, കട്ടിപ്പാറ പഞ്ചായത്തുകളേയും ഒരു പോലെ ബാധിക്കുന്ന പ്രശ്നമാണ് അറവുമാലിന്യ സംസ്കരണ കേന്ദ്രം. മാലിന്യം ഇരുതുള്ളി പുഴയിലേക്ക് ഒഴുകുന്നതിനാൽ ശുദ്ധജലം കിട്ടുന്നതടക്കം നിരവധി പ്രശ്നങ്ങളാണ് നാട്ടുകാർ അനുഭവിക്കുന്നത്.
ഫ്രഷ് കട്ട് വീണ്ടും തുറന്നതോടെ അറവു മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ സമരം വീണ്ടും പുനരാരംഭിച്ചിരുന്നു. ഫ്രഷ് കട്ട് ഫാക്ടറിക്ക് ഒന്നര കിലോമീറ്ററോളം അകലെ പന്തൽ കെട്ടിയാണ് സമരം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സമരത്തിലാണ്. ഫാക്ടറിയുടെ പ്രവർത്തനം നിർത്തുന്നവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. സംഘർഷവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ഇതുവരെ കസ്റ്റഡിയിൽ ആയവരുടെ എണ്ണം 16 ആയി. പ്ലാന്‍റ് പൂട്ടും വരെ സമരം തുടരുമെന്ന് പ്രതിഷേധക്കാർ ഏഷ്യാനെറ്റ് ന്യൂസ് ലൌഡ് സ്പീക്കറിനോട് പറഞ്ഞു. ഇന്നലെ രാത്രി 10.30 മുതൽ അതി രൂക്ഷമായ ദുർഗന്ധമാണ് പ്രദേശത്ത് അനുഭവപ്പെട്ടതെന്ന് പ്രതിഷേധക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കളക്ടർ പറഞ്ഞതിനോട് യാതൊരു വിലയും വെക്കാതെയാണ് ഫ്രഷ് കട്ട് വീണ്ടും പ്രവർത്തനം ആരംഭിച്ചതെന്നാണ് സമരക്കാരുടെ ആരോപണം. വൈകിട്ട് ആറു മുതല്‍ പന്ത്രണ്ട് വരെ പ്ലാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല, പഴകിയ അറവ് മാലിന്യം പ്ലാന്‍റില്‍ കൊണ്ടു വരരുത് തുടങ്ങിയവയാണ് ഉപാധികള്‍. നിബന്ധനകളില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. എന്നാൽ ഇവയൊന്നും ഫ്രഷ് കട്ട് പാലിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടികൾക്കടക്കം ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു. മാലിന്യത്തിന്‍റെ മണം കാരണം ഉറങ്ങാൻ പോലും കഴിയുന്നില്ല. സ്വാതന്ത്രം കിട്ടി ഇത്ര കാലമായിട്ടും ഇന്നും വായുവിനും വെള്ളത്തിനും, സ്വാതന്ത്ര്യത്തിനുമായി പോരാടുന്നവരാണ് 4000 ഓളം കുടുംബങ്ങളെന്ന് പ്രതിഷേധക്കാർ പറയുന്നു.



